RICH പീപ്പിൾസ്നെ ബഹുമാനിക്കാൻ പഠിക്കെടോ !!!
കഴിഞ്ഞ ദിവസം ഒരു മലയാളം ന്യൂസ് റീഡർ ഇട്ട ബ്ലൗസിനെ ചൊല്ലിയുള്ള പോസ്റ്റും അതിന്റെ തുടർചർച്ചകളും കണ്ടപ്പോൾ എനിക്കും ഒരു ഫ്ലാഷ്ബാക്ക്.
എനിക്കങ്ങനെ ഒരു പ്രശ്നമുണ്ട് എന്ത് കാര്യം കണ്ടാലും കേട്ടാലും അതുമായി ബന്ധപ്പെട്ട് എന്റെ തലച്ചോറിൽ പഴയ ഓർമ്മകളുടെ Google ഡ്രൈവ് താനേ ഓപ്പൺ ആകും. ഇപ്പോഴത്തെ പിള്ളേർക്ക് വിശ്വസിക്കാൻ പോലും പാടാവും എന്നാലും പാഡിന് പകരം തുണി ഉപയോഗിച്ചും, അടിവസ്ത്രങ്ങൾ ഉണക്കുമ്പോൾ അതിന്റെ മുകളിൽ തോർത്ത് വിരിച്ച് മറച്ചും ജീവിച്ച ഒരു തലമുറ ഉണ്ടായിരുന്നു. എന്നെപോലുള്ളവർ അങ്ങനെ രണ്ടു ലോകവും കണ്ടവരാണ്... തുണിയും കണ്ടു, പാഡും കണ്ടു, കപ്പും കണ്ടു . Black & whiteലും, colour റിലും led TV യിൽ ബ്രസീലും , ഇറ്റലിയും ഫ്രാൻസും, ജർമ്മനിയും, അർജന്റീനയും സ്പെയിനും രണ്ടു വട്ടം വീതം worldcup എടുത്തത് കണ്ട ജനറേഷൻ ആണ് ഞങ്ങളുടേത് .
അന്നൊക്കെ ചില വീടുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ഉണക്കാൻ പ്രത്യേകം ഒരു ചായ്പ് വരെ ഉണ്ടായിരുന്നു. ചായ്പില്ലാത്ത വീടുകളിൽ എന്താ പരിപാടി? - അടിവസ്ത്രം ആദ്യം അഴയിലിടും ... അതിന്റെ മുകളിൽ ഒരു തോർത്ത് ഇടും - കണ്ടാൽ തോന്നും ചുമ്മാ തോർത്ത് ഉണക്കാൻ ഇട്ടതാണെന്ന്. അതിന്റെ അടിയിൽ ഒരു ബ്രാ പ്രാണവായുവിനായി പൊരുതുന്നുണ്ടെന്ന കാര്യം വീട്ടിലെ പെണ്ണുങ്ങൾക്ക് മാത്രം അറിയാം..
ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഞങ്ങളുടെ ക്ലാസിലെ ഒരു കൂട്ടുകാരിയുടെ കല്യാണം കഴിഞ്ഞു. വെറും 19 വയസ്. അവൾടെ ജാതകത്തിൽ എന്തോ 20 കഴിഞ്ഞാൽ കല്യാണം നടക്കില്ലെന്നോ മറ്റോ ജ്യോൽസ്യൻ പറഞ്ഞതുകൊണ്ട് വീട്ടുകാർ വേഗം കെട്ടിച്ചുവിട്ടു. കല്യാണം കഴിഞ്ഞ് ഒരാഴ്ച ലീവെടുത്ത് അവൾ കോളേജിൽ തിരിച്ചെത്തി.
അവൾ വന്നു കേറിയപ്പോ ക്ലാസ് already തുടങ്ങിയതുകൊണ്ട് ഞങ്ങൾക്കൊന്നും ചോദിക്കാൻ പറ്റിയില്ല. പക്ഷേ ഞങ്ങളുടെ അവസ്ഥ പറയണ്ട. 19 വയസ്സല്ലേ - കൗതുകം ലേശം കൂടുതൽ ആവുമല്ലോ.. ഓരോരുത്തരുടെയും മനസ്സിൽ ഓരോ ചോദ്യപേപ്പർ റെഡിയാണ്. ഉച്ചയ്ക്ക് ബെൽ അടിച്ചാൽ കാന്റീനിൽ ഇരുത്തി ഒരു viva നടത്തണം എന്നാണ് പ്ലാൻ. (യു സീ അന്നത്തെ പ്രായത്തിൽ കേട്ടറിഞ്ഞ കാര്യങ്ങൾ സത്യമാണൊന്നു ചോദിച്ചറിയണമല്ലോ )
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ ലഞ്ച് ബെൽ അടിച്ചു. ഞങ്ങൾ അവളെ വളഞ്ഞു. അവൾക്ക് ഞങ്ങളുടെ ഉദ്ദേശം ഏതാണ്ട് മനസ്സിലായി. അവളാകെ നാണിച്ച് തക്കാളി പോലെ ചുവന്നിരിക്കുകയാണ്.
പക്ഷേ ചോദിക്കാൻ വന്ന ഞങ്ങൾക്കു പെട്ടെന്ന് നാണം.. നീ ചോദിക്ക്...അല്ല, നീ ചോദിക്ക്... എന്ന് പരസ്പരം ഉന്തിത്തള്ളി എല്ലാവരും ഒഴിഞ്ഞു മാറാൻ തുടങ്ങി.
അപ്പോഴാണ് ഞങ്ങളുടെ ടീമിലെ ഏറ്റവും പൊട്ടിക്കാളി എഴുന്നേറ്റത്. "നിങ്ങളാരും ചോദിക്കണ്ട... എല്ലാവർക്കും അറിയേണ്ട ചോദ്യം ഞാൻ ചോദിക്കാം"
അവളുടെ ചോദ്യവും മണവാട്ടിയുടെ ഉത്തരവും കേഴ്ക്കാൻ ഞങ്ങൾ കാതുകൂർപ്പിച്ചു വെള്ളമിറക്കി ഇരിക്കുവാണെ .
അവൾ ഒരു കൂസലുമില്ലാതെ ചോദിച്ചു...
"നീ അവന്റെ വീട്ടിൽ കുളി കഴിഞ്ഞു ഷഡിയും ബ്രായും കഴുകി എവിടെയാണ് ഇട്ടത്?"
ലത് പ്രതീക്ഷിച്ച് ലിത് കിട്ടിയ അവസ്ഥ. ചോദ്യം കേട്ടതും ഞങ്ങൾ ചിരിച്ച് ഒരു വഴിയായി.
ചിരി പൂരം കഴിഞ്ഞപ്പോൾ മണവാട്ടി തിരിച്ചൊരു ചോദ്യം...നിങ്ങൾ guess ചെയ് .. എവിടെയായിരിക്കും
സത്യത്തിൽ അപ്പോഴാണ് ഞങ്ങൾക്കും ബോധോദയം. - പുറത്ത് ആരും കാണാതെ അടിവസ്ത്രം ഉണക്കി വളർന്ന ഞങ്ങൾക്കാർക്കും ആ ചോദ്യത്തിന് ഒരു ഉത്തരവും ഇല്ല.
അവസാനം ഉത്തരവും അവൾ തന്നെ പറഞ്ഞു..അന്നൊക്കെ attached ബാത്ത്റൂം എന്ന സംഭവം എല്ലാ വീടുകളിലും ഇല്ലല്ലോ. അവൾ കുളിക്കാൻ പോകുമ്പോൾ അടിവസ്ത്രങ്ങൾ കൂടെ കഴുകും. പിന്നെ ആരും കാണാതെ സ്വന്തം മുറിയിലേക്ക് മുഷിഞ്ഞ തുണികൾക്കിടയിൽ വെച്ച് കള്ളക്കടത്തു നടത്തും . രാത്രി കിടക്കാൻ നേരം ഫാൻ ഫുൾ സ്പീഡിൽ ഇട്ട്, തറയിൽ ഒരു തുണി വിരിച്ച് അതിന്റെ മുകളിൽ രണ്ടിനെയും VIP അതിഥികളെ പോലെ കിടത്തി ഉണക്കും.
എന്തായാലും ആ ചോദ്യത്തോടെ എല്ലാവരുടെയും ബാക്കി ചോദ്യങ്ങൾ ചോദിക്കാനുള്ള flow അങ്ങ് പോയാർന്നു. കല്യാണം കഴിഞ്ഞാലും പെണ്ണുങ്ങൾക്ക് എന്തൊരു കഷ്ടപ്പാടാ എന്ന് പറഞ്ഞു ഓരോത്തർ താടിക്കു കൈകുത്തിയിരുന്നു നെടുവീർപ്പെട്ടു.
എനിക്കെന്തായാലും അത്ര കഷ്ടപ്പെടേണ്ടി വന്നില്ല. ഞാൻ കെട്ടിയത് attached ബാത്ത്റൂമുള്ള ബെഡ്റൂം ഉള്ള ഒരു റിച്ച് ഗൈ യെ ആയിരുന്നു.
അന്നൊക്കെ റിച്ച് എന്നതിന്റെ അർഥം BMW കാറോ ബാങ്ക് ബാലൻസ് അല്ലായിരുന്നു, attached bathroom ആയിരുന്നു 😄

No comments:
Post a Comment