Tuesday, 28 July 2026

ഭാരത് മാതാ കി ജയ് !!!


 ഇമ്മടെ Gen Z പിള്ളേർ കൂട്ടമായി ജനഗണമന പാടുന്നത് കണ്ടപ്പോൾ എനിക്കും ഒരു ഫ്ലാഷ്ബാക്ക്. ഈ പാട്രിയോട്ടിസം എന്ന് പറയുന്ന സാനം ഉണ്ടല്ലോ... അത് ഒരു ഒന്നൊന്നര വൈബ് ആണ്. രാജ്യം നിനക്ക് എന്ത് തന്നു എന്ന് ചോദിച്ചാൽ എടുത്തു പറയാൻ ഒരു പിണ്ണാക്കും ഉണ്ടായാലും ഇല്ലെങ്കിലും National Anthem കേട്ടാൽ നമ്മൾ മാത്രമല്ല... നമ്മടെ രോമം വരെ എഴുന്നേറ്റ് അറ്റൻഷനിൽ നിൽക്കും. ചില രോമങ്ങൾ സല്യൂട്ടും വരെ അടിക്കും.


പന്ത്ര പന്ത്ര സാൽ മുൻപുള്ള കഥയാണ്.  എനിക്കന്നു ഏകദേശം ഇമ്മടെ ഇന്നത്തെ genz പിള്ളേരുടെ പ്രായം പക്ഷെ അന്നും പ്രായത്തിനു അനുസരിച്ചുള്ള ബുദ്ധിയില്ലായിരുന്നു. വ്യത്യാസം എന്താണെന്ന് വെച്ചാൽ... അന്ന് ബുദ്ധിയില്ലായ്മയ്ക്ക് ആത്മവിശ്വാസം ബോണസായി ഉണ്ടായിരുന്നു. ഗൾഫിൽ നിന്ന് വെക്കേഷന് വരുമ്പോൾ  വീടിന്റെ പുറത്തുള്ള കക്കൂസ് പുരയുടെ ചുമരിൽ കരിവെച്ച് വരച്ച ചിത്രങ്ങൾ കണ്ടിട്ട്  ബ്ലെസ്സിമോൾക്കു അന്നേ കുടുംബത്തിലും അയൽക്കാരിലും കലാകാരി എന്ന പട്ടം ഉണ്ടായിരുന്നു.  അങ്ങനെ ഇരിക്കെ എന്റെ മേമ്മയുടെ മോന് സ്കൂളിൽ ഫാൻസി ഡ്രസ് മത്സരം. മെമ്മേടെ ക്ടാവ് അന്ന് യുകെജിയിലോ ഒന്നാം ക്ലാസ്സിലോ മറ്റോ ആണ് പഠിക്കുന്നത്. കുടുംബത്തിലെ ഔദ്യോഗിക കലാകാരി എന്ന് UNESCO അംഗീകാരം കിട്ടിയ എന്നോട് അല്ലാതെ വേറെ  ആരോട് മേമ്മ ഐഡിയ ചോദിക്കും. 

മേമ്മ എന്നോട് ഐഡിയ ചോദിക്കലും  - എന്റെ തലച്ചോറിൽ ഐഡിയകൾ യൂട്യൂബ് ഷോർട്സ് സ്ക്രോൾ പോലെ അനർഗളം നിർഗളം ഒഴുകിവന്നു . ഒന്ന് ആലോചിച്ചപ്പോൾ ഈ ഭൂമിയിൽ ഏത് ജഡ്ജസിന്റെയും രോമം എണീറ്റ് നിൽക്കാൻ ദേശഭക്തിയോളം പോന്ന വേറെ ഒരു സംഭവമില്ല . ആ സമയത്താകട്ടെ കാർഗിൽ യുദ്ധത്തിന്റെ ചൂട് ഒട്ടും ആറിയിട്ടുമുണ്ടായിരുന്നില്ല. അങ്ങനെ നമ്മുടെ ബ്ലെസ്സിമോൾ ഒരു മാസ്റ്റർ പ്ലാൻ ഇട്ടു: ക്ടാവിനെ കാർഗിൽ യുദ്ധത്തിലെ ഒരു ജവാനാക്കാം. വെറും ജവാൻ അല്ല...രാജ്യത്തിന് വേണ്ടി പോരാടി മരിക്കാറായ ജവാൻ.

ഐഡിയയും സ്ക്രിപ്റ്റും സെറ്റ്. സ്ക്രിപ്റ്റ് ഇങ്ങനെയാണ്: യുദ്ധത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ജവാൻ. തല പൊട്ടി ചോര ഒഴുകുന്നു, മുഖത്തും ശരീരത്തും മുറിവുകൾ, ഒരു കൈ ഒടിഞ്ഞു കഴുത്തിൽ സ്ലിങ്ങിൽ കിടക്കുന്നു. ഒരു കാലാകട്ടെ ബോംബ് ആക്രമണത്തിൽ തീ പിടിച്ചു കത്തുകയാണ്. ഒറ്റക്കയ്യും ഒറ്റക്കാലുമുള്ള, ചോര വാർന്നു മരിക്കാറായ ആ ജവാൻ, ബാക്ക്ഗ്രൗണ്ടിൽ വന്ദേ ഏഏഏ... മാതരം.. ജവാൻ ഒറ്റക്കാലിൽ ഞൊണ്ടി ഞൊണ്ടി സ്റ്റേജിന്റെ നടുവിലേക്ക് വരുകയാണ് സൂർത്തുക്കളെ ...എന്നിട്ട് സ്റ്റേജിന്റെ നടുക്ക് നിന്ന് 'ബോലോ ഭാരത് മാതാ കി' (അപ്പൊ audience നിന്ന് ഞങ്ങൾ ജയ്... ) അപ്പൊ കൊച്ചു സ്റ്റേജിൽ ഒറ്റക്കൈ വെച്ച് ഒരു സല്യൂട്ട്. ആഹാ അന്തസ്സ് . സ്ക്രിപ്റ്റ് പറഞ്ഞ് തീർന്നപ്പോൾ എന്റെയും മേമ്മയുടെ രോമം ഒരുപോലെ അറ്റൻഷനിൽ നിന്നു.

അങ്ങനെ ഞങ്ങൾ പ്രിപ്പറേഷൻ തുടങ്ങി. ക്ടാവിനോട് സ്ക്രിപ്റ്റ് ഒക്കെ പറഞ്ഞു കൊടുത്ത് ഡയലോഗ് പഠിപ്പിച്ചു 'ബോലോ ഭാരത് മാതാ കി' . സൗണ്ടും വോയിസ് മോഡുലേഷനും ഒക്കെ അസ്സലായി സെറ്റ് ആക്കി. ചാലക്കുടി ടൗണിലെ കടകളിൽ കയറിയിറങ്ങി അവസാനം ഒരു മിലിട്ടറി പ്രിന്റ് തുണിയും സംഘടിപ്പിച്ചു.ഞങ്ങടെ ഏരിയയിലെ ISO നിലവാരമുള്ള ടെയ്ലർ ജോൺസൻ ചേട്ടനെ കൊണ്ട് ക്ടാവിനു പാന്റും ഷർട്ടും തുന്നിച്ചെടുത്തു. അങ്ങനെ പ്രാക്ടീസ് ഒക്കെ ചെയ്ത് ഞങ്ങൾ അങ്ങേയറ്റം ഫുൾ ഫോമിൽ ആയി. 

അപ്പോഴാണ് മേമ്മയുടെ സംശയം. കാർഗിലിൽ ബോംബ് പൊട്ടിയിട്ട് ജവാന്റെ കാലിൽ  തീയല്ലേ... അത് എങ്ങനെ കാണിക്കും? ഞാൻ ആരാ മോൾ? കുരുട്ടുബുദ്ധിക്ക് ഒരു കുറവുമില്ലാത്ത എനിക്കു അതിനും പ്ലാൻ ഉണ്ടായിരുന്നു. കൊച്ചിന്റെ കാല് മുഴുവൻ വാഴപോള (വാഴയുടെ പിണ്ടിക്കു ചുറ്റുമുള്ള പോള) കൊണ്ട് ഇൻസുലേഷൻ ചെയുക. അതിന് മുകളിൽ നനഞ്ഞ തോർത്ത് ചുറ്റുക - അതിന് മുകളിൽ ആണ് പാന്റ് ഇടുക . ശേഷം സ്റ്റേജിന്റെ ഒരു വശത്തുനിന്ന് ഞാൻ പാന്റിന്റെ അറ്റത്ത് അല്പം തീ കൊളുത്തും. കുട്ടി ചോരയൊലിപ്പിച്ച് രണ്ടടി നടന്ന് സ്റ്റേജിന്റെ നടുവിൽ വന്ന് പ്രാക്ടീസ് ചെയ്ത പോലെ  'ഭാരത് മാതാ കി' എന്ന് വിളിക്കും. സ്റ്റേജിന്റെ ഇപ്പുറത്തു ഒരു കപ്പ് വെള്ളവുമായി അവന്റെ അമ്മ, അതായത് മേമ്മ നിൽക്കും. ക്ടാവ് നടന്നു ഇപ്രത്തു എത്തലും പുള്ളിക്കാരി നേരെ വെള്ളം ഒഴിച്ച് തീ കെടുത്തും. ഓടിയൻസ്  കയ്യടിക്കും,  ജഡ്ജിമാർ കരയും. കൊച്ചു ഗപ്പും വാങ്ങി തിരിച്ചു വരും. ബുഹഹഹ എന്റെ തകർപ്പൻ വിവരണം കേട്ട് മേമ്മയുടെ രോമം ഇപ്പ്രാവശ്യം എഴുനേറ്റുനിന്ന് എന്നെ സല്യൂട് അടിച്ചു ..എന്നെ സമ്മതിക്കണം. 

അങ്ങനെ എല്ലാം സെറ്റ് ആയി  കോമ്പറ്റിഷന്റെ തലേദിവസം ഒരു ഡ്രസ്സ് റിഹേർസൽ ചെയ്തു നോക്കാൻ ഞങ്ങൾ തീരുമാനിച്ചു. അത് വരെ ഡയലോഗും മ്യൂസിക്കും മാത്രമേ ഞങ്ങൾ ട്രൈ ചെയ്തിരുന്നുള്ളൂ. ഈ വാഴപ്പിണ്ടി വെച്ചു കെട്ടി കാലിൽ തീ ഇടുന്ന ഐറ്റമൊന്നും ഞങ്ങൾ അതുവരെ റിഹേർസൽ ചെയ്തിരുന്നില്ല. അങ്ങനെ ഞാനും മേമ്മയും കൂടി അപ്പാപ്പന്റെ കണ്ണായ ഒരു വാഴ വെട്ടി ക്ടാവിന്റെ ഇടത്തെ കാലിന്റെ തുട മുതൽ താഴോട്ട് വാഴപ്പിണ്ടി കെട്ടിപ്പൊതിഞ്ഞു. എന്നിട്ട് നനഞ്ഞ തോർത്ത് കൊണ്ട് വീണ്ടും ചുറ്റി. അതും കഴിഞ്ഞ് അതിന്റെ മുകളിൽ പാന്റും ഇടിപ്പിച്ചു. വീടിന്റെ കാർഷെഡ് ആണ് ഞങ്ങടെ സ്റ്റേജ്. കാർഷെഡിന്റെ അങ്ങേയറ്റത്ത് പൈപ്പിൽ നിന്ന് ഒരു കപ്പിൽ വെള്ളം പിടിച്ച് മേമ്മ ഫയർഫോഴ്സ് ആയി നിന്നു. ഇങ്ങേ അറ്റത്ത് ഞാൻ ഡയറക്ടർ. 

ഞാൻ ക്ടാവിനെ ഡയലോഗ് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചു. കൊച്ചു ഓക്കേ എന്ന് തലയാട്ടിയതും ഞാൻ  'റെഡി. ആക്ഷൻ' എന്ന് അലറി തീപ്പെട്ടി ഉരസി ക്ടാവിന്റെ പാന്റിന്റെ അറ്റത്ത് തീ കൊളുത്തി. പാന്റിൽ തീ പിടിച്ചതും  ക്ടാവ് പഠിച്ച ഡയലോഗ് മുഴുവൻ ഹാർഡ് ഡിസ്കിൽ നിന്ന് ഡിലീറ്റ് ആക്കി . ചെക്കൻ കണ്ണ് മിഴിച്ച് തീയിലേക്കു തന്നെ നോക്കി സ്റ്റക്ക് ആയി നിന്നു. 

ഞാൻ ഉറക്കെ : ' ഡാ, പറയെടാ...ബോലോ ഭാരത് മാതാ കി  

ക്ടാവിണ്ടോ പറയുന്നു... ക്ടാവ് ആകെ പേടിച്ചു വിറങ്ങലിച്ചു തീ നോക്കി നില്കുന്നു - തീ ആണേൽ പാന്റിന്റെ അല്പം കൂടി മോളിലേക്കു പടരാൻ തുടങ്ങി .

അങ്ങേ അറ്റത്ത് മേമ്മയും തുടങ്ങി. 'മോനെ പറയെടാ... ബോലോ ഭാരത് മാതാ കി ജയ്. 

ഞാൻ വീണ്ടും  അലറി - ഡാ... വേഗം ബോൽ, ബോൽ.. ..ബോലെടാ ഭാരത് മാതാ കി 

കൊച്ചു...😳 ബ്ലിങ്കസ്സ്യ 

ഞങ്ങളുടെ ഈ ഇരുവശത്തുനിന്നുള്ള ഭീകരമായ അലർച്ചയും ആക്രോശവും കൂടിയായപ്പോൾ ക്ടാവ് പേടിച്ചു നിലവിളിച്ച് കരയാൻ തുടങ്ങി. പറമ്പിൽ അടക്ക പെറുക്കി നിന്നിരുന്ന അമ്മാമ്മ ക്ടാവിന്റെ കരച്ചിൽ കേട്ട്  നോക്കിയപ്പോ കണ്ട കാഴ്ച.  കാർഷെഡിന്റെ നടുക്കു നിന്ന്, മോഹൻലാൽ ലേലു അല്ലു ലേലു അല്ലു എന്ന് കരയുന്നതുപോലെ ' അയ്യോ... തീ... തീ...എന്ന് നിലവിളിച്ച് കരയുന്ന കൊച്ചുമോനെയും, കാർഷെഡ്‌ഡിന്റെ ഇരുവശത്തുനിന്നും 'ഭാരത് മാതാ കി ജയ്'  എന്ന് ആക്രോശിചു ദേശഭക്തി പഠിപ്പിക്കുന്ന ഇളയ മോളെയും, എന്നെയുമാണ്. ഹൃദയഭേദകമായകാഴ്ച കണ്ടിട്ട് ഞെട്ടിപ്പോയ അമ്മാമ്മ  ഒരു സെക്കൻഡ് പോലും കളഞ്ഞില്ല, മുണ്ടുടുത്ത ഒളിമ്പിക്സ് സ്പ്രിന്റർ പോലെ പറമ്പിലെ ചെടിയും തടിയും ചാടി കടന്നു ക്ടാവിന്റെ അടുത്തെത്തി കാർപോച്ചില് കിടന്ന ഒരു ചാക്ക് എടുത്തു കൊച്ചിനെ പൊതിഞ്ഞ് തീ കെടുത്തി. തീ കെടുത്തിയ ആവേശത്തിൽ, അതുവരെ ഒരക്ഷരം മിണ്ടാതിരുന്ന ക്ടാവ് ഒറ്റയടിക്ക് ഉറക്കെ - ഭാരത് മാതാ കി ജയ്.. എന്ന് വിളിച്ചു ബോധം കെട്ട് 

അമ്മാമ മേമ്മയെ നോക്കി. എടീ എരണംകെട്ടവളേ  . നീ എന്ത് തേങ്ങ നോക്കി നിൽക്കുവായിരുന്നു 

'അമ്മേ... അത് ഫാൻസി ഡ്രസ്സ്.' 

'കൊച്ചിനെ തീ ഇട്ടിട്ടാണോടി നിന്റെ മറ്റേടത്തെ ഫാൻസി ഡ്രസ്സ്?

ഞാൻ ജഗദീഷിന്റെ എക്സ്പ്രഷനിൽ ...'അതുപിന്നെ... വാഴപ്പിണ്ടി വെച്ചിട്ടുണ്ടായിരുന്നു...'എന്ന് പറയാൻ ശ്രമിക്കുമ്പോഴേക്കും അമ്മാമ്മ രണ്ടാം ഇന്നിംഗ്സ് തുടങ്ങി.

"ഈ പരക്കഴിക്കു (അത് എന്നെ ഉദ്ദേശിച്ചാണ്) അഞ്ചു പൈസയുടെ വിവരമില്ലെന്നു പണ്ടേ അറിയാം... പക്ഷേ നിനക്ക് എന്തിന്റെ കടി എടുത്തിട്ടാടി  സ്വന്തം കൊച്ചിന്റെ മോളിൽ ഈ അഭ്യാസം കാണിക്കാൻ ഇവളുടെ കൈയിൽകൊടുത്തേ? 

പിന്നെ അങ്ങോട്ട് അമ്മാമ്മയുടെ ഡയലോഗുകൾക്ക് U/A സർട്ടിഫിക്കറ്റ് പോലും കിട്ടില്ല. സംഭവം പന്തിയല്ല, സീൻ ആകെ കോൺട്രാ ആണെന്ന് മനസ്സിലായ ഞാൻ  പതുകെ അവിടെ നിന്നു  ടെറസിലേക്ക് സ്കൂട്ടായി 

പാവം മേമ്മയ്ക്ക്  അന്ന് അമ്മാമ്മയുടെ വായിൽ നിന്നും, കണ്ണായ വാഴ വെട്ടിയതിനു അപ്പാപ്പന്റെ വായിൽ നിന്നും വയറു നിറയെ കിട്ടി. (ക്ടാവിന്റെ അപ്പൻ ഗൾഫിൽ ആയതു കൊണ്ട് അങ്ങേര് അറിഞ്ഞില്ല ) 

anyhow അന്ന് വരെ എനിക്ക് ഉണ്ടായിരുന്ന കലാക്കാരി പട്ടം  അന്നുമുതൽ അമ്മാമ ഔദ്യോഗികമായി 'മറ്റെടുത്തെ കൊലകാരി' എന്നാക്കി തിരുത്തി ..

അടിക്കുറിപ്പ്ട്ട് : തീ മുകളിലേക്ക് പടർന്നിട്ടും, വാഴപ്പിണ്ടിയും നനഞ്ഞ തോർത്തും കാരണം പാന്റ് വെട്ടി മാറ്റിയപ്പോൾ കൊച്ചിന്റെ കാലിൽ ഒരു തരി പൊള്ളൽ പോലും ഉണ്ടായിരുന്നില്ല. ക്ടാവ് പേടിച്ചു വിറച്ചു എന്നതൊഴിച്ചാൽ അന്നത്തെ എന്റെ പ്ലാൻ പക്കാ ഫൂൾപ്രൂഫ് ആയിരുന്നു.

ഹോ.എന്തായാലും അതിനുശേഷം ആരെങ്കിലും ഭാരത് മാതാ കി ജയ്  എന്ന് വിളിക്കുന്നത് കേട്ടാൽ എന്റെ കണ്ണിൽ കാർഷെഡിൽ തീ പിടിച്ച പാന്റുമായി ഫ്രീസ് ആയി നിൽക്കുന്ന ആ ധീര ജവാനെയും, രണ്ടു സൈഡിൽ നിന്ന് മാതാ കി ജയ് അലറുന്ന ഞങ്ങളെയുമാണ്.

ബിത്വ -  കുഞ്ഞിലേ തീ കണ്ടു പേടി പോയതിന്റെ സൈഡ് എഫക്റ്റ് ആണോന്നു അറിയില്ല പിൽക്കാലത്തു പ്രസ്തുത ജവാൻ ചാലക്കുടി പെരുന്നാളിന് ഗുണ്ട് കൈയിൽ പിടിച്ച് പൊട്ടിച്ച് കയ്യിലെ ഒരു വിരലിനെ വീരമൃത്യു വരിപ്പിച്ചിട്ടുണ്ട്.  

No comments:

Post a Comment