Monday 28 May 2012

ഞാന് ട്രാപ്പിലാക്കിയ എന്റെ സ്വന്തം ഗഡി

അങ്ങനെ എനിക്കും കെട്ടു പ്രായം തികഞ്ഞു.....എന്തേ പാടില്ലേ?)..

പുര നിറഞ്ഞു നില്‍കുന്ന ഇരട്ട പഴം പോലുള്ള എന്നെയും ചേച്ചിയെയും കണ്ട്‌ ടെന്‍ഷന്‍ അടിച്ചഎന്റെ പ്രൊഡ്യൂസര്‍ ഞങ്ങളെ ആരുടെയെങ്കിലും തലയില്‍ കെട്ടി വെക്കാന്‍ തിരുമാനിച്ചത് വെറും സ്വാഭാവികം ..ഒരു ശരശരി മലയാളി ഫാദറിന്‍റെ ബുദ്ധിപരമായ നീക്കം...എന്നാ പിന്നെ ഒരാള്‍ക്ക് ഒരു ജിവിതം കൊടുത്തേക്കാമെന്ന് ഞാനും തിരുമാനിച്ചു..(ന്താല്ലേ..എന്റെ മഹാമനസ്കത!) 
ആലോചനകള്‍ തുടരെ തുടരെ വരാന്‍ തുടങ്ങി …
ഇത്രേം ആലോചകള്‍ വരുന്നുതിനും സ്പഷ്ടമായ കാരണമുണ്ട്. ഞങ്ങള്‍ ഒരമ്മ പെറ്റ മക്കള്‍സിനു രണ്ടു പേര്‍ക്കും നല്ല ഒടുക്കത്തെ ഹൈറ്റാണ്.... പച്ചകാന്താരി പോലെ ..! എനിക്ക് എത്തിച്ചു തല നീട്ടി പിടിച്ചാല്‍ അഞ്ചു അടി എങ്കില്‍ ചേച്ചിക്ക് എത്തിക്കാതെ തന്നെ 5’1'..പോരേ?.
പൊക്കമുള്ള കുഞ്ചാക്കോകള്‍ക്കും പോക്കമില്ലാത്ത ഹൃത്തിക്കുകള്‍ക്കും ഒരുപോലെ ആലോചിക്കാന്‍ പറ്റുന്ന ഹൈറ്റു (ഈ കല്യാണ കമ്പോളത്തില്‍ ഹൈറ്റിനു ഇത്രേം പ്രാധ്യാനം ഉണ്ടെന്നു ഞാന്‍അന്നാണ് മനസിലാക്കിയത്) അല്ല പറഞ്ഞിട്ട് കാര്യമില്ല..അവര്‍ ചിന്തിക്കുന്നതിലെന്താ തെറ്റ്?.കൂടെ കൊണ്ട് നടകുമ്പോള്‍സ്വന്തം പീസിനെ നോക്കി “അയ്യേ!! “ എന്ന് ആരും പറയരുതല്ലോ…..

എന്തൊക്കെയാണെങ്കിലും (ദേ..എന്‍റെ ഉള്ളിലെ ഫെമിനിസ്റ്റ് പുറത്ത്ചാടുന്നു..!) അങ്ങനെ, ആണായി പിറന്നഒരുവന്റെ മുമ്പിലേ എനിക്ക് പെണ്ണ് കാണാന്‍ നില്‍ക്കേണ്ടി വന്നുള്ളൂ.… പിന്നെ പുള്ളി വേറെ പെണ്ണ് അന്വേഷിക്കാനേ പോയില്ല ....(എന്നെയങ്ങു സമ്മതിക്കണം കേട്ടോ, ഹൊ..ഒറ്റ നോട്ടത്തിലല്ലേ..ഞാന്‍ ആളെ ട്രാപ്പില്‍ ആകിത്) എനിവേയ്സ്…ഒഫീഷ്യല്‍ പെണ്ണ് കാണല്‍ നടക്കും മുമ്പേ ടി പ്രതിശുത വരന്‍….എന്നെ കാണാന്‍ പണ്ട് ഞാന്‍ വര്‍ക്കിയ ഓഫീസില്‍ വന്നു.

അതൊരു കഥയാണ്..പാഞ്ചാലി ദുഷ്യന്തനെ,അല്ല ..അര്‍ജ്ജുനനെ കണ്ടതു പോലൊരു കഥ..അവിടെ ഉള്ള ഒരു മല്ലു ‘സിങ്ങു’മായിനേരത്തെ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചാണ് പുള്ളിക്കാരന്‍റെ വരവ് …അല്ലേലും പെണ്‍വിഷയത്തില്‍…യോജിക്കാത്ത മല്ലുസ് ഉണ്ടോ?...പുള്ളി ഒരു വള്ളിയായ്...ചുറ്റുപാടൊക്കെ നോക്കി മന്ദം മന്ദം പടര്‍ന്ന് പന്തലിച്ചങ്ങിനെ നടന്നു വരുന്നത് ഞാന്‍ ഓട്ടക്കണ്ണുകൊണ്ട് നോക്കുന്നുണ്ട്..ആരെടാ ഈ ഗഡി... സുന്ദരന്‍,സുസ്മേര വദനന്‍..കോമള ഗാത്രന്‍..ശ്ശൊ...സത്യമായിട്ടും ഞാന്‍ പിന്നീട് ട്രാപ്പാന്‍ പോന്നയാളാണെന്ന് അറിഞ്ഞിട്ടേ അല്ലായിരുന്നു എന്റെ വായ്നോട്ടം..പൊന്നിന്‍ കുരിശ് മുത്തപ്പനാണെ സത്യം!!ഒരു കളര്‍ കാണുമ്പോള്‍ നോകിയില്ലേല്‍ ഞാന്‍ പിന്നെന്തോരു ത്രിശ്ശൂര്‍കാരി?..

ഞാന്‍ കൂളായി ഓട്ടക്കണ്ണീലും അല്ലാതെയും ആ വരവ് നോക്കിയിരുന്നു...വാ പൊളീച്ചോന്ന് സത്യത്തില്‍ അന്നത്തെ സിസി ടിവി നോക്കിയാല്‍ മനസ്സിലാകുമെന്നുറപ്പ്.) നേരത്തെ പറഞ്ഞ എന്റെ സഹപ്രവര്‍ത്തകനും ടി പ്രതിശ്രുത വരനും PV)തമ്മില്‍, കാഴ്ചകാരിയായ് ഞാന്‍ ഉണ്ടെന്നു ഉറപ്പു വരുത്തിയതിനു ശേഷം..വളരെ സ്വഭാവികമായി തോന്നുന്ന ഒരു നാടകം അരങ്ങേറി
(എന്‍റെ മനസ്സിലപ്പോള്‍ ഒരു മണി മുഴങ്ങി, അണിയറയില്‍ നിന്നാരോ പറഞ്ഞതു പോലെ തോന്നി..അടുത്ത ഒരു ബെല്ലോടു കൂടി..ദാ നാടകം ആരംഭിക്കുന്നതാണ്..!!!)

PV : ഡാ ….കുരിശെ … നീ എന്തടാവിടെ ?

കൂടുകാരന്‍ : ഒന്ന് പോടാ ഉവ്വേ..നിനക്കറിയില്ലേ ഞാന്‍ ഇവിടയാണെന്നു… നീ ന്താടാ ഇവിടേ?
PV : ഞാന്‍ ഇവിടെ ഒരാളെ കാണാന്‍ വന്നതാഡാ(അതെങ്കിലും സത്യം പറഞ്ഞല്ലോ)
കൂടുകാരന്‍ - എന്തായാലും നീ ഇവിടംവരെ വന്നതല്ലേ, ഒരു ചായ കുടിച്ചിട്ട് പോവാം.(പിന്നേ...ഓഫീസ് അവന്റെ തറവാട്ടു വീടല്ലേ വരുന്നവര്‍ക്കൊക്കെ ഒകെ ചായ സല്‍ക്കാരം നടത്താന്‍) നാടകം ഗംഭീരമായ് തുടര്‍ന്ന് കൊണ്ടിരിക്കെ…നായികയെ introduce ചെയ്യണ്ട സമയമായി.
കൂടുകാരന്‍ : ഡീ
ത്രേസ്സ്യേ …ഇതു പ്രാഞ്ചി... നിന്റെ നാട്ടുകാരനാ… സ്മര്ട്ട്നെസ്സ് ഒട്ടും ഇല്ലാത്തത് കൊണ്ട് ഞാന്‍ തിരിച്ചു- ഏതു നാട്
Option A - ബഹറിന്‍ (ജനിച്ചു വളര്‍ന്ന എന്റെ നാട് )
Option B - ത്രിശൂര്‍ (ശക്തന്‍ തമ്പുരാന്‍ എന്ന 1 വേ റൌണ്ടാബോവുട്ട് ഉള്ള പൂരങ്ങളുടെ നാട് )

Option C - മ്മടെ സ്വന്തം ചാലകുടി
PV : ചാലകുടിയില്‍ എന്റെ അമ്മ വീട് …
ഞാന്‍ : എന്റെയും …
പുള്ളി പ്ലാന്‍ ചെയ്ത ചോദ്യങ്ങള്‍ എല്ലാം, സുന്ദരിയും സുശീലയും സുസ്മേരവതയും ആയ എന്നെ കണ്ടപ്പോള്‍ തലയില്‍ നിന്ന് സ്കൂട്ടായി എന്ന് ആ മുഖം കണ്ടാലറിയാം.
ഞാന്‍ അപ്പൊ ഇങ്ങനെ ചിന്തിക്കുകയിരുന്നു. ശ്ശെടാ.. ഈ പയ്യന്‍ എന്താ ഇങ്ങനെ പരുങ്ങുന്നെ?..
പെട്ടെന്ന് ആര്കിമെടെസ് ഭൂഗുരുത്വകര്ഷണ ബലം കണ്ടു പിടിച്ച പോലെ പുള്ളിക്കാരന്‍ എന്തോ കണ്ടുപിടിച്ച പോലെ "ഇവിടെ അവാലി പള്ളിയില്‍ആണല്ലേ പോകുന്നത്…(അതൊരു സ്റ്റേയ്റ്റ്മെന്റ്റ്‌ ആയിട്ടാ എനിക്ക് തോന്നിയത് എന്നാലും പാവം ഇത്രയും കഷ്ടപ്പെട്ട് ഒര്തെടുതതല്ലേ - ഒരു ചോദ്യം ആയി കണകാക്കി ഞാന്‍ തട്ടി … അതെ..
PV – മിനിയെ അറിയോ ?..- ഇല്ല, സന്തോഷ്‌ --ഇല്ല, ജോസേട്ടന്‍-- ഇല്ല, വര്‍ഗീസേട്ടന്‍ - ഇല്ല ..
ഇനിയും പേരുകള്‍ ഒര്‍ത്തെടുക്കാന്‍ ആളുടെ വിപ്രസന്നി കണ്ടു ഞാന്‍ഇടപ്പെട്ട്. "ഇനിയും, പേര് ചോദിച്ചു ബുദ്ധിമുട്ടെണ്ട ...എനിക്കീ മേല്പറഞ്ഞ ഗഡികളെ ആരെയും അറിയില്ല…അല്ല..എന്താണ് ഹേ ഈ ക്രോസ് വിസ്താരം ..?.(താങ്കള്‍ നയം വ്യക്തമാകണം എന്നാന്നു ഞാന്‍ ഉദേശിച്ചത്‌ )
PV – ഇവര്‍ക്കെല്ലാം
ത്രേസ്സ്യേ അറിയാം …(ഒരു നിമിഷം എന്‍റെ മുഖത്തൊരു ഗര്‍വ്വ് പ്രത്യക്ഷപ്പെട്ടു... പിന്നെ ഒന്ന് വിരിഞ്ഞിരുന്നു)
ഞാന്‍ : സുഹൃത്തേ..വെള്ളിച്ചപാടിനേ എല്ലാര്ക്കും അറിയാം..എന്നാല്‍വെള്ളിച്ചപാടിനു എല്ലാരേയും അറിയണം എന്നു വാശി പിടികാമോ?
(എന്റെ ചോദ്യം കേട്ട് എന്റെ PV ജിവിധത്തില്‍ ആദ്യമായ് ഞെട്ടുന്നതു ഞാന്‍ കണ്ടു--ഇപ്പോള്‍ കണ്ടു കണ്ടു പുത്തരി ഒകെ പോയി!!!)
ഞാന്‍ : അത് പോട്ടെ എന്റെ ഫുള്‍ details ഒകെ ചൂണ്ട ഇട്ടു വന്നിരിക്കുകയാണല്ലേ …ഇനി എന്നെങ്ങാനും കെട്ടാന്‍ വല്ല പ്ലാന്‍ ഉണ്ടോ ..?..…ജഗതി ശ്രീകുമാറിന്‍റെ 14 രസത്തില്‍ പോലും കാണാത്തയേതോ ഒരു പുതിയ രസം ഞാന്‍ എന്റെ വുഡ് ബി ഗഡിയുടെ മുഖത്ത്‌ ലൈവ് ആയി കണ്ടു…
എന്തിനു പറയുന്നു…..എന്നെയങ്ങു പിടിച്ചു(അയ്യെ don’t do, don’t do..ആ പിടിയല്ല ഞാന്‍ ഉദ്ദേശിച്ചത്…എന്നെ വല്ലാണ്ട് ബോധിച്ചുന്നു...പുവര്‍ ബോയ്‌)….
എന്റെ വായില്‍ വിരല്‍ ഇട്ടാല്‍ പോലും മിണ്ടാത്ത സ്വഭാവ കുലീനത നേരിട്ട് മനസ്സിലാക്കിയത് കൊണ്ടാണോ അതോ …ആരോടോക്കയോ enquiry നടത്തിപ്പോ…"നീ ധൈര്യമായിട്ട് കെട്ടിക്കോ...വേറെ കുഴപ്പം ഒന്നുമില്ല..ഒരു പത്തു പൈസേടെ കുറവുണ്ട് എന്നേ ഉള്ളു...അതോക്കെ ഒരു കുറവാണോ?..ലൈഫ് നല്ല തമാശ ആയിരിക്കും എന്ന് പറഞ്ഞത് കേട്ടിട്ടാണോ എന്നറിയില്ല… പുള്ളി എന്നെ കെട്ടാന്‍ തിരുമാനിച്ചു…
അല്ലെങ്കിലും ആദ്യത്തെ ഓട്ടക്കണ്ണില്‍ ഞാന്‍ നോക്കിയ നോട്ടം...അത് പുള്ളിക്കാരന്‍റെ ഹൃദയത്തിലൊരു പരല്‍ മീനിനെ പോലെ നീന്തിക്കളിച്ചു കാണണം...അതുകൊണ്ട് തന്നെയാവണം.... !!
ആ ചടങ്ങ് കഴിഞ്ഞിട്ട് വര്‍ഷങ്ങളായി..എന്നിട്ടും പറഞ്ഞു പറ്റിച്ച മഹാന്‍മാരോടുള്ള പ്രതികാരവുമായ് അവരെ അന്വേഷിച്ച് ഒരു യാഗാശ്വത്തെ പോലെ ഓടി നടക്കുകയാണ്..ഞാന്‍ ട്രാപ്പിലാക്കിയ എന്‍റെ സ്വന്തം ഗഡി..!!!

Thursday 10 May 2012

എന്റെ ആദ്യത്തെ ചുംബനം....

ഇന്നവന്‍ ആദ്യമായ് എന്നെ ചുംബിച്ചു ….അതിന്ടെ thrill ഈ നിമിഷവും മാറിട്ടില്ല. ഞാന്‍ ഒരുപാടു ആഗ്രഹിച്ചിരുനെങ്ങിലും ഇന്ന് ഒട്ടും പ്രതിഷിചില്ലായിരുന്നു. എനിക്കതില്‍ ഒരു പരാതിയും പരിഭവവും ഇല്ലട്ടോ …..

പക്ഷെ കാര്യം അറിഞ്ഞപ്പോ അവന്റെ അച്ഛനും എന്റെ അച്ഛനും തമ്മില്‍ വഴക്കായ് ,.,,, രണ്ടു ശത്രുകളെ പോലെ … അവര്‍ തമ്മില്‍ മുടിഞ്ഞ തല്ലു … അവന്റെ അച്ഛന്‍ എന്റെ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു …. എന്റെ അച്ഛന്‍ പറയുന്നു അവനാണ് എല്ലാത്തിനു കാരണം എന്ന്.

നിങ്ങള്‍ പറ..ചുംബികുന്നത് ഇത്ര വലിയ തെറ്റാണോ …ഞങളുടെ ഹൃദയങ്ങള്‍ എന്താ ഇവര്‍ മന്സിലകാത്തെ? … എത്രയോ നാളുകളായ് ഞങ്ങളുടെ പ്രണയം തുടങ്ങീട്ടു …ദിവസവും എത്രയോ സമയം ഞങ്ങള്‍ പരസ്പരം നോക്കി, ഒരുപാടു മിണ്ടാന്‍ കൊതിയുണ്ടെങ്കിലും ഒന്നും പറയാനാവാതെ പിരിഞ്ഞിട്ടുണ്ട്. കണ്‍കളിലൂടെ എന്തെല്ലാം സംസാരിച്ചിട്ടുണ്ട്... ഒരുമിച്ചൊരു ജിവിതം സ്വപ്നം കണ്ടിടുണ്ട്... .. ….

എന്നിട്ടാണോ അവന്‍ എന്നെയൊന്നു ഉമ്മ വെച്ചു എന്ന് പറഞ്ഞു ഇത്രയും പുകിലുണ്ടാക്കുന്നേ?. ഈ സമൂഹം ഇങ്ങനെ ആണ് .. പ്രേമിക്കുന്ന ഹൃദയങ്ങളുടെ വേദനആര് മനസിലാക്കാന്‍ … രണ്ടു വീട്ടുകാരുടെ വഴക്കിനിടയിലും അവന്‍ എന്റെ കണ്ണ് ചിമ്മി കാണിച്ചു കൊണ്ടിരുന്നു … അവന്‍ അല്ലേലും ധൈര്യം ഉള്ളവനാ... എവിടെ വേണേലും ഇടിച്ചു കേറിക്കോളും..ഒന്നിനെയും ഒരുത്തനെയും അവനു പേടിയില്ല.. … അവന്റെ ആ സ്വഭാവം അല്ലെ എന്നെ അവനിലേക്ക്‌ ആകര്‍ഷിച്ചത്...?... അടുപ്പിച്ചത് ?... നിറം കുറവാണെങ്കിലും അവന്‍ ചിരികുമ്പോള്‍ … എന്താ പറയ … മനസ്സില്‍ ഒരായിരം .. ഹാലജന്‍ ലൈറ്റ് തെളിയുന്ന പോലെ … ഇല്ല .. ഞാനും ഇതില്‍ നിന്നും പിന്‍ മാറില്ല …ജിവിക്കുകയാണെങ്കില്‍ ഇനി ഒരുമിച്ചു അല്ലെങ്കില്‍ മരണം …

വഴക്ക് മൂത്ത് മൂത്ത് അവസാനം … എന്റെ അച്ഛന്‍ പോലീസിനെ വിളിക്കുമെന്നായി ഫോണ്‍ കയ്യില്‍ എടുത്തു …ഈ അറബി നാട്ടില്‍ കേസും കോടതിയും ഓര്‍ത്തു പേടിച്ചിട്ടാവണം പാവം അവന്‍റെ അച്ഛന്‍ …പെട്ടന്ന് ഒരു ഒത്തു തീര്‍പ്പിന് തയ്യാറായ്‌ … ഇനി ഞങ്ങളെ തമ്മില്‍ കാണികില്ല എന്ന ഉറപ്പില്‍ അവര്‍ വഴക്ക് തീര്‍ത്തു … നഷ്ടപരിഹാരമായ് എന്റെ അച്ഛന് ഒരു 50 ദിനാറും … !!!!! അത്രയ ഞങ്ങടെ സ്നേഹത്തിനു avar വിലയിട്ടത് ....തുട്ടു കിട്ടിയപ്പോള്‍ എന്റെ ക്രൂരനായ അച്ഛന്‍ ..ദേ അവന്റെ അച്ഛനെ കെട്ടി പിടിക്കുന്നു, ഉമ്മ വെക്കുന്നു....അച്ഛനൊക്കെ എന്തും ആവാലോ ...….നിറകണ്ണുകളോടെഞങ്ങള്‍ രണ്ടു പേരും പിരിഞ്ഞു. ... പിരിയിച്ചു എന്ന് പറയുന്നതാവും ശരി... …

എന്റെ അച്ഛന്‍ എന്നെ നേരെ കൊണ്ട് പോയത് ഒരു നിസ്സാന്‍ സര്‍വീസ് സെന്റെരില്ലെകായിരുന്നു … അവന്‍ – എന്റെ ടൊയോട്ട പ്രടോ എന്നെ ചുംബിച്ചപ്പോള്‍ ചുണ്ടില്‍ പൊടിഞ്ഞ രക്തം... അച്ഛനത് സഹിക്കാന്‍ പറ്റുമായിരുന്നില്ല്ല. അതുകൊണ്ട് തന്നെ ടച്ച്‌ അപ്പ്‌ ചെയ്യണമെന്ന ക്രൂരചിന്തയോടെ…സെന്‍ററിലേക്ക്. എന്റെ ആദ്യത്തെ ചുംബനത്തിന്‍റെ മറക്കാന്‍ കഴിയാത്ത ആ തെളിവ് നിശ്ശേഷം തുടച്ചു നീക്കാന്‍ ....…എന്‍റെ കണ്ണുകള്‍ സജലങ്ങളാകുന്നത് ആരും കണ്ടതേയില്ല. ...