Sunday, 15 September 2013

ഒരു മത്സര കഥ ..


ഞാൻ ഉൾപ്പെട്ട ഔർ ക്ലിക്ക്സ് എന്ന ഗ്രൂപ്പിലെ ചേച്ചി പറഞ്ഞിട്ടാ പായസ മത്സരത്തിൽ പങ്കെടുക്കാൻ തിരുമാനിച്ചത്. പല മത്സരങ്ങളിലും മുമ്പ് പങ്കെടുത്ത് പരിചയം ഉണ്ടെങ്കിലും, പാചക മത്സരത്തിൽ കന്നിഅങ്കം..പിന്നെ പായസം - അതിനൊരു നിശ്ചിത ചേരുവകൾ ഉണ്ടല്ലോ..പാല് പഞ്ചസാര ഓർ ശർക്കര പിന്നെ അണ്ടിപരിപ്പ്, മുന്തിരി, ഏലക്ക etc അത് വച്ച് എന്ത് അത്ഭുതം കാട്ടാനാ !!.. അത് കൊണ്ട് പായസത്തിനെ എങ്ങനെ വ്യത്യസ്തം ആക്കാം എന്ന ചിന്ത ആയി..അങ്ങനെ കഴിഞ്ഞ ആഴ്ച മുഴുവൻ എന്റെ ഓഫീസിൽ പായസവാരം ആയി ആഘോഷിക്കുകയായിരുന്നു. എല്ലാ ദിവസവും ഓരോ പായസം ഉണ്ടാക്കും.. 'പരീഷണ മൃഗങ്ങൾ' എല്ലാരും എന്റെ ഓഫീസിലെ സഹപ്രവർത്തകർ. (പാവങ്ങൾ) .അങ്ങനെ പരീഷണങ്ങൾക്ക്  അവസാനമായി ലേയെർ പായസം ഉണ്ടാക്കാം എന്ന് തിരുമാനിച്ചു. (മൂന്നു തരം പായസം ലേയെർ ആയി സെർവ്  ചെയുക) പിന്നെ ഡിസ് പ്ലേ എങ്ങനെ ആകർഷകമാക്കം എന്നായി. പല സുഹൃത്തുക്കളും പല അഭിപ്രായങ്ങൾ പറഞ്ഞു തന്നു സഹായിച്ചു...എല്ലാര്ക്കും താങ്ക്സ് ..
വെള്ളിയാഴ്ച -
എന്റെ ലേയെർ പായസത്തിന്റെ എല്ലാ ചെരുവകളും അരച്ച് ചേർക്കേണ്ടതായത് കൊണ്ട് കാലത്തെ തുടങ്ങി അരക്കലും പൊടിക്കലും.. 2 അടുപ്പുകൾ. ഞാനും അമ്മയും അനിയനും ചട്ടിയും കലവും മാറി മാറി വെക്കുന്നു, ഇളക്കുന്നു മറിക്കുന്നു..അടുക്കള ഒരു യുദ്ധക്കളം ആയി മാറി. അവസാനം രണ്ടരക്ക് എല്ലാം റെഡി ആക്കി സമാജത്തിലോട്ടു ചെന്നപ്പോ അവിടെ പൂക്കളമത്സരം നടക്കുന്നു !! മൂന്നു മുതൽ നാലര വരെ അവിടെ അങ്ങനെ കുറ്റി അടിച്ചു നിന്നു ,... ഇതിനിടയിൽ ബോർ അടിച്ചു മരിക്കാറായ എന്നെ കണ്ടു രണ്ടു മിടുക്കന്മാര് പിള്ളേർക്ക് എന്റെ ബോർ അടി മാറ്റാൻ ഒരു ഐഡിയ തോന്നികാണും.. അവർ ഓടി വന്നു എന്റെ സഞ്ചി വഞ്ചികളിലേക്ക് ഒരു ചാട്ടം. 'ച്ചിലും ച്ചിൽ ചിലും'  പായസം ഡിസ്പ്ലേ ചെയാൻ ഞാൻ കൊണ്ട് വന്ന സെന്റർ ബൌൾ പൊട്ടുന്ന ശബ്ദം !! എന്റെ കണ്ണുകൾ നിറയാൻ അധിക സമയം  വേണ്ടി വന്നില്ല. (ഈശ്വരാ ..ആ പിള്ളേർക്ക് നല്ലത് മാത്രം വരുത്തണേ) കണ്ടു നിന്ന ഔർ ക്ലിക്സിലെ  ചേട്ടന്മാർ  "നീ ടെൻഷൻ അടിക്കാതെ നമ്മുക്ക് എന്തേലും ശരിയാക്കാം" എന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. അപ്പോളാണ് ഞാൻ ഓർത്തത്‌ അവിടെ അടുത്ത് ഒരു കുടുംബ സുഹൃത്തിന്റെ വീട് ഉണ്ടല്ലോ എന്ന്. ഒന്ന് വിളിച്ചാൽ ആളുടെ വീട്ടിൽ സംഭവം ഉണ്ടെങ്ങിലോ?..ഞാൻ നേരെ വിളിച്ചു. 

ടെൻഷൻ കാരണം ഫോണ്‍ എടുത്തപ്പോൾ കിതപ്പിനിടയിൽ ആദ്യം പറഞ്ഞത് ..
"ചേട്ടാ  ...വീട്ടിലുണ്ടോ ?"
"അതെ .. ഉണ്ട് "
ഞാൻ പെട്ടെന്ന് അങ്ങട് വരട്ടെ ?? 
"ങേ ... കുട്ടി ഏതാ ???" (ഞാൻ ആ ടൈപ്പ് അല്ല )
"അയ്യോ ..ചേട്ടാ ഇതു ഞാനാ .. ....എന്റെ ബൌൾ പൊട്ടി." 
"എനികൊന്നും ..മനസിലാവുന്നില്ല."
"ഞാൻ  പായസ മത്സരം ബ്ലാഹ് ബ്ലാഹ് .......................(കഥ)"
"ഓ അതിനെന്താ ഇവിടെ വന്നു എന്താന്ന് വെച്ചാൽ കൊണ്ട് പോയിക്കോ. "
അതിനിടയിൽ കൂടെ നിന്ന കൂടുകാരി ഇനി അവിടെ നിന്ന് കിട്ടിയില്ലേൽ എന്ത് ചെയ്യും ?  'സന' കട ഇവിടെ അടുത്താ, അവിടെ പോയി എന്തേലും എടുക്കാം ... ടെൻഷൻ അടിച്ചു നില്ക്കുന്ന എന്നെ കണ്ടു എന്റെ മമ്മി ''നീ ഇപ്പൊ വണ്ടി എടുക്കണ്ട'' (രണ്ടു ഇടി കഴിഞ്ഞതിനു ശേഷം മമ്മിക്കു എന്റെ വാഹനമോടിക്കൽ പ്രാവീന്ന്യത്തിൽ വലിയ മതിപ്പാ) കണ്ടു നിന്ന ഞങ്ങടെ ഗ്രൂപ്പ്‌ അഡ്മിൻ ചേട്ടൻ സനയിൽ കൊണ്ട് പോവാമെന്നു ഏറ്റു.. ഒരു കൂട്ടുകാരി കൂട്ടിനും വന്നു. ട്രാഫിക്‌ സിനിമയിൽ  ആംബുലെൻസിൽ ഹൃദയം കൊണ്ട്  പോവുന്ന ശ്രീനിവാസന്റെ അവസ്ഥ ആയിരുന്നു അഡ്മിൻ ചെട്ടന്റെത്  ...

ഞാൻ "ഗോ  ഗോ ഗോ ഫാസ്റ്റ്."
ചേട്ടൻ..." കുഞ്ഞേ .. നിന്റെ മൈക്രക്കും ഒരു പരിധി ഇല്ലേ ?
പൊട്ടിയ പോലത്തെ ബൌൾ ഒന്നും കിട്ടാത്തത് കൊണ്ട് ഒരു വെള്ളം ഗ്ലാസ്‌ വാങ്ങി ഞങ്ങൾ തിരിച്ചു... നന്ദി അഡ്മിൻ ചേട്ടാ...
തിരിച്ചു എത്തിയപ്പോ  മത്സരം തുടങ്ങിയിരുന്നു ജനപ്രളയം .തിക്കും.തിരക്കും... ഉന്തും തള്ളും ..
പാവം എന്റെ കൂട്ടുകാരി എന്നെ ഒത്തിരി ഒത്തിരി സഹായിച്ചു (ഉമ്മ) നീ ഇല്ലായിരുന്നെങ്കിൽ  ഞാൻ പങ്കെടുക്കില്ലായിരുന്നു. അത്രക്ക് നെർവെസ് ആയ നിമിഷങ്ങൾ..(പൊട്ടിയ പാത്രം എന്റെ സ്വന്തം ആയിരുന്നില്ല എന്നതായിരുന്നു എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥ ആക്കിയത് )
Num 38 .. ടേബിൾ അടുത്തെത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി,,, "ആർ ദേ ജോകിംഗ്?) കഷ്ട്ടി 35 cm വീതിയുള്ള മേശ. അത്രയും തന്നെ നീളവും. കഴിഞ്ഞ വര്ഷത്തെ മേശയുടെ വീതി അനുസരിച്ചാണ് ഡിസ്പ്ലേക്കുള്ള  സാമഗ്രികൾ കൊണ്ട് വന്നത് അതും പല പല സഞ്ചികളിലായി.. ഇനി ഇതൊക്കെ എന്ത് ചെയ്യും.!

എന്റെ കൂട്ടുകാരി പറഞ്ഞു  "തല്കാലം എന്തേലും അഡ്ജസ്റ്റ് ചെയ്തു വെക്കാം" കൊണ്ട് വന്ന പകുതി മുക്കാൽ സാധനങ്ങളും ഉപയോഗികേണ്ടി വന്നില്ല.. വെക്കാൻ സ്ഥലം ഉണ്ടായിട്ടു വേണ്ടേ?.അങ്ങനെ എന്തൊക്കെയോ ഒപ്പിച്ചു അവിടെ നിന്ന് പുറത്തിറങ്ങി.
എന്റെ പ്രിയ കൂട്ടുകാരിക്കും അവളുടെ ഭർത്താവിനും ..താങ്ക്സ്...
പിന്നെ ലുലുവിന്റെ ഫാഷൻ  ഷോ..അത് കഴിഞ്ഞപോൾ ഉടനെ  ഒരു അറിയിപ്പ് "പായസ മത്സരത്തിൽ പങ്കെടുത്ത എല്ലാ ഗടികളും ഉടനെ തന്നെ അവരവരുടെ മേശ ഒഴിവാക്കി തരണം !!
ങേ ,,,അപ്പൊ മൂന്ന്  ലിറ്റർ പായസം എന്ത് ചെയും? മേശകരികിൽ ഇനി എന്ത് ചെയ്യണം 

എന്നറിയാതെ ബ്ലിന്ഗസ്സ്യ ആയി നിക്കുന്ന എന്നെ കണ്ട ഒരു സുഹൃത്ത്‌  "പറ എന്ത് സഹായമാ വേണ്ടേ?
"ഈ  സംഭവങ്ങൾ ഒക്കെ ഒന്ന് പുറത്തെത്തിക്കാൻ സാഹായിക്കാമൊ?" 
അതിനെന്താ .. 

അങ്ങനെ അഭയാർഥികൾ പാലായനം ചെയുന്ന പോലെ ഞാനും സുഹൃത്തും, ചട്ടിയും കലവും സഞ്ചിയും ഒകെ പൊക്കി പിടിച്ചു തിരക്കിലൂടെ ഉന്തി തള്ളി എങ്ങനെയോ പുറത്തെത്തി. സുഹൃത്തേ താങ്ക്സ്...
കാന്റീൻ മുന്നിൽ എത്തിയപ്പോ വേറെ ഒരു ചേട്ടൻ (നമുക്ക് പിന്നെ ചേട്ടന്മാര്ക്കു പഞ്ഞം ഇല്ലല്ലോ...എല്ലാവരും ചേട്ടന്മാരും അനിയന്മാരും ആണ്) എന്റെ കയ്യിൽ ഇരിക്കുന്ന  പായസം കാലി  ആക്കി തരുന്ന കാര്യം ഏറ്റെടുത്തു.
അതിനിടയിൽ ആരൊക്കെയോ 'ഐസ്ക്രീം' കഴിച്ചു ഇഷ്ടയെന്നു പറഞ്ഞു...(സന്തോഷം). 

എന്തിനും ഏതിനും "പോര" എന്ന് പറയുന്ന ഒരു വക്കീല് ഉണ്ട് ഞങ്ങടെ ഗ്രൂപ്പിൽ, അങ്ങേരു കൊള്ളാമെന്നു പറഞ്ഞു. ആള് കൊള്ളാമെന്നു പറഞ്ഞാൽ കപ്പ്‌ കിട്ടിയ പോലാ !..
പാവം ചേട്ടന്മാർ ,,പായസം കാലിയാക്കി ..എനിക്ക്  പാത്രം വരെ കഴുകി  തന്നു. വക്കീലേ..ചേട്ടന്മാരേ.. താങ്ക്സ്..
എല്ലാ കുട്ടി ചട്ടി പരാധീനങ്ങൾ കൊണ്ട് പോവുന്ന വഴി അബദ്ധവശാൽ തിരിച്ചു പോവാനുള്ള വഴി ചോദിച്ചത് മ്മടെ അഡ്മിൻ ചേട്ടനോട് !!   "ദേ ഈ വഴി നേരെ പോയി ലെഫ്റ്റ്  എടുത്താൽ നേരെ എത്തുന്നത്‌ അങ്ങോട്ടുള്ള റോട്ടിലെക്കാ"

അക്ഷരം പ്രതി നേരെ പോയി ലെഫ്റ്റ് എടുത്തത്‌ ഏതോ ഒരു പോക്കറ്റ് റോഡ്‌.. അവിടെ കഷ്ട്ടി ഒരു വണ്ടിക്കു പോവാനുള്ള ഗ്യാപ്. മുന്നിലുള്ള വണ്ടി അനങ്ങുനില്ല കുറച്ചു കഴിഞ്ഞപ്പോൾ ആ വണ്ടിയിൽ നിന്നും ഒരു ഒന്പത് വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടിയും അവന്റെ അമ്മയും പുറത്തിറങ്ങി ചുറ്റും നോക്കുന്നു... മദർ തെരേസക്ക് പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഇറങ്ങി ചെല്ലാൻ അധികം സമയം വേണ്ടി വന്നില്ല..  "എന്താ പ്രശ്നം" "വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല .. ഒന്ന് പുഷ് ചെയ്താൽ സ്റ്റാർട്ട്‌ ആകി നോക്കാം ''

ഓ ശെരി...മലയാളി മങ്കി  ആയി കോലം കെട്ടി പോയ ഞാൻ ആണ്ടെ  തോട് കടക്കാൻ വേണ്ടി പൊക്കി കുത്തുന്ന പോലെ സാരി പൊക്കി കുത്തി മൂന്നടി സ്റ്റൂളുമേ (ഹീൽസ്) കേറി നിന്ന് കൊണ്ട് എലാസ്സാ ... ഞാനും ആ പയനും വണ്ടി തള്ളുന്നതും നോക്കി അവന്റെ അമ്മ മന്ദം മന്ദം പിന്നാലെ.... ഇടക്ക് എന്നോട് "ബുദ്ധിമുട്ടായല്ലേ" ?

"അയ്യേ?.. എന്ത് ബുദ്ധിമുട്ട് ഇതൊക്കെ എന്റെ സ്ഥിരം കലാപരിപാടി അല്ലേ..(മനസ്സിൽ 'ചേച്ചിയും  കൂടെ ഒരു കയ്  വെച്ചിരുന്നേൽ .. )

കുറച്ചു തള്ളിയിട്ടും വണ്ടി സ്റ്റാർട്ട്‌ ആവുന്ന മട്ടില്ല. പെട്ടെന്ന്.. എന്റെ മനസിലൂടെ ഒരു കൊള്ളിയാൻ, ക്യാമറ ഉള്ള വല്ലോരും ഈ ഏരിയയിൽ ഉണ്ടെങ്കിൽ.. ഈശ്വരാ ആരും ഉണ്ടാവല്ലേ.. പ്രത്യേകിച്ച് ക്ലിക്സിലെ പത്രാധിപൻ ..ഒരു അൻപതടി ഉന്തി കാണും ..ഞാൻ തിരിഞ്ഞു നോക്കിപ്പോ എന്റെ വണ്ടിടെ ലൈറ്റ്  ഒരുപാട് ദൂരെ..കൂരാ കൂരിരുട്ടു,... പരിചയം ഇല്ലാത്ത സ്ഥലം.. അവിടെ  സ്റ്റാർട്ട്‌ ആയി നിക്കുന്ന വണ്ടിയിൽ മകളും അമ്മയും മാത്രം !!.എനിക്ക് ടെൻഷൻ ആയി.. ഈ ചേട്ടന്റെ മട്ടു കണ്ടിട്ട് ഇത്രയും സിമ്പിൾ ആയി വസ്ത്രം ധരിച്ച എന്നെ കൊണ്ട് വീട് വരെ ഉന്തിക്കാനുള്ള പുറപ്പാടാ ... ഞാൻ തള്ളൽ നിർത്തി "ചേട്ടാ ഈ വസ്തു ഒരു സൈഡ് ലേക്ക് ഒതുക്കി ഇട്ടിട്ടു വേറെ ആരെയെങ്കിലും സഹായത്തിനു വിളിക്കുന്നതല്ലേ നല്ലത്..? സമയമില്ലാഞ്ഞിട്ടാ അല്ലെങ്കിൽ ഞാൻ വീട് വരെ തള്ളിയേനെ. മോളും അമ്മയും വണ്ടിയിൽ ഒറ്റക്കാ, എന്നാ പിന്നെ ഞാനങ്ങോട്ടു.." 
(അഡ്മിൻ ചേട്ടന് കൊടുത്ത  താങ്ക്സ് ഞാൻ തിരിച്ചെടുത്തു)
അവിടെ നിന്ന് എങ്ങനെയും വീട്ടിൽ എത്തിയപ്പോ എന്റെ കോലം കണ്ടിട്ട് മ്മടെ സ്വന്തം ഗടിയുടെ ചോദ്യം . 'നീ പായസ മത്സരത്തിനാണോ അതോ വടം വലിക്കാനോ പോയെ?.. ഞാൻ ഒന്നു തുറിപ്പിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഒന്നും പറയാനുള്ള ആവതില്ലാരുന്നു . അപ്പൊ മോളുടെ വക അപ്ഡേറ്റ് .. "അപ്പാ .. ഇന്ന് അമ്മ അവിടെ കരഞ്ഞു... "
ആശാന് തമാശ ..ഹു ഹു പിന്നെ നീയെന്താ  വിചാരിച്ചേ നിന്റെ പായസത്തിനു ഫസ്റ്റ് കിട്ടുമെന്നോ?.
ഞാൻ " അതല്ല .. (ഇച്ചിരി സങ്കടത്തോടെ...സഹതാപം പ്രതീക്ഷിച്ചു കൊണ്ട്) എന്റെ ബൌൾ പൊട്ടി " 
ആശാന്റെ മുഖത്ത്  ടെൻഷൻ (ഹാവൂ എന്റെ വിഷമം മനസിലായല്ലോ)
ശബ്ദം താഴ്ത്തി എന്നോട് ചോദിച്ചു "എന്നിട്ട്  ആരേലും കണ്ടോ ???
"ദെ ഞാൻ.. ഇവിടെ ആകെ വട്ട്‌  പിടിച്ചു നിക്കാ.. അതിനിടയിൽ തമാശിക്കല്ലേ..!!
അപ്പൻ മോളോട്... "മോളിങ്ങു വാ... ഇനി ഇവിടെ നിന്നാൽ നിന്റെ അമ്മക്ക് മദം പൊട്ടും.''
Overall... It was a horrific day...ആകെ ഒരു ആശ്വാസം ഒരു സുലൈമാനി കുടിച്ചപ്പോഴാ,....
  • ധന നഷ്ടം..ശാരീരിക അസ്വാസ്ഥ്യം ..മാന ഹാനി (വെള്ളിയാഴ്ചയിലെ എന്റെ ദിനഫലം)

Monday, 24 June 2013

ചന്ദ്രൻ ആണത്രെ ചന്ദ്രൻ !!!

ഇന്നലെ ഉച്ച ആയപ്പോ ഒരുത്തന്റെ മെസ്സേജ്  ....

"ട്യേ, നീയിന്നു വയ്കുനേരം വെല്ല കടാപുറത്തു പോയി ചന്ദ്രനെ പോട്ടം പിടിച്ചോണം,,,ഇന്ന് അമ്പിളി അമ്മാവൻ ഭൂമിടെ ജസ്റ്റ്‌  സൈഡ്  കൂടിയാ പൊങ്ങി വരാ..സൂപ്പർ മൂണാ ..."

ഈയിടെ ആയി തലക്കു പിടിച്ച പുതിയ ഐറ്റം ആണ്  'ഫോട്ടോഗ്രാഫി'. കാള പെ.. എന്ന് കേട്ടാല്  നേരെ  കയ്യർ എടുക്കാൻ പോണ സ്വഭാവം പണ്ടേ ഉള്ളതാ.. പോരാത്തതിനു ഇന്ന് എഫ് ബി യിൽ പലരുടെ മതിലിലും നല്ല ആന സൈസ് ഉള്ള അമ്പിളി മാമന്റെ ഫോട്ടോയും...എന്തിനു പറയുന്നു..കറക്റ്റ് അഞ്ചു മണിക്ക് തനെ മനാമയിൽ ഉള്ള ഓഫീസിൽ നിന്ന് ഇറങ്ങി ക്യാമറ എടുക്കാൻ നേരെ വീട്ടിലേക്കു വിട്ടു. വീടും ഓഫീസും തമ്മിൽ ഒരു 25 km ദൂരം ഉണ്ട്. മിക്ക ഓഫീസുകൾ വിടുന്ന സമയം ആയോണ്ട് വീട്ടിൽ എത്തിയപ്പോ 6 മണി കഴിഞ്ഞു. വീട്ടിൽ കേറി ക്യാമറ എടുത്തു മമ കാന്തനോട്  കാര്യം പറഞ്ഞു..

"വരുന്നോ സീഫ് കടാപുറതേക്ക് ഈ ആഴ്ചയിലെ ഏറ്റവും വലിയ ചന്ദ്രന് ഇന്നാ ഉദിക്കാൻ പോണേ..ഞാൻ അത് ക്യാമറയിൽ ഒപ്പിയെടുക്കാൻ പോവാ..അയ്യോ തെറ്റി !  ഈ ആഴ്ചയിലെ അല്ല.. ഈ മാസത്തെ...അല്ല ! ഈ കൊല്ലത്തെ ഏറ്റവും വലിയ ചന്ദ്രനാ.!!"

അപ്പൊ കാന്തൻ തിരിച്ചു മൊഴിഞ്ഞു

"അതിനെന്താ,,, എല്ലാ കൊല്ലം ഉണ്ടല്ലോ..  ഈ വായു ഗുളിക വാങ്ങാൻ പോണ പോലെ അല്ലാണ്ട് ..നിനക്കിത്തിരി പ്ലാൻ ചെയ്ത്  പോയ്കൂടെ.. ഇപ്പൊ 6 മണിയായി .. നീ തിരിച്ചു മനാമയിൽ എത്തുമ്പോഴേക്കും ചന്ദ്രന് അതിന്റെ പാട്ടിന്  പോവും.. !!"
ഞാൻ ഉവാച !

"അയ്യോ .തെറ്റി മിസ്റ്റർ കാന്തൻ, .... ഈ കൊല്ലത്തെ അല്ല, ഈ നൂറ്റാണ്ടിലെ ..അതായത് , നമ്മൾ ജീവിചിരികുമ്പോ ഇത്ര വലിയ ചന്ദ്രനെ ഇനി കാണാൻ പറ്റില്ലാന്നാ പറയണേ" (അങ്ങനെ അല്ലെ പോസ്റ്റിൽ കണ്ടെ?.)

"എന്നാ ശെരി പോയി പിടിച്ചിട്ടു വാ.. ഞാൻ ടി വി യിലെങ്ങാനും കണ്ടോളാം" (ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സില് തോന്നിക്കാണും ..ആസ്  യുഷ്വൽ )

വണ്ടിയിൽ കേറി ഫുൾ സ്പീഡിൽ മനാമയിലോട്ടു വണ്ടി ഓടികുമ്പോൾ ഒക്കെ മനസ്സില് മൊത്തം നല്ല കിടു ഫ്രെയിംസ്  ആണ്... പൊതുവെ കടല്..തിര,..ചന്ദ്രന്,..നിലാവ് ..ഇതൊക്കെ പണ്ടേ നമ്മടെ വീക്നെസ് ഐറ്റെംസ്  ആണ്,,,അപ്പൊ പിന്നെ എക്സ്ട്രാ ലാര്ജ് ചന്ദ്രനും കൂടി,,, ഹോ..ഇന്ന് ഞാൻ കലക്കും. എന്റെ സൂപ്പർ മൂണ്‍ ഫോട്ടോയ്ക്ക് നൂറു ലൈക്കും അമ്പതു ഷെയറും !!! ഞാൻ  ഇതു വരെ കണ്ട മൂണ്‍ ഫ്രെയിംസ്  ഒക്കെ  മനസിലൂടെ റീൽ ഇട്ടു നോക്കി,,, ആകാശത്തിലേക്ക് പൊങ്ങുന്ന ചന്ദ്രന്... ഞാൻ മണ്ണിൽ കമിഴ്ന്നു കിടന്നു .. ലോ ആംഗിൾ  ഷോട്ട്... ആഹ,,

വണ്ടർഫുൾ !!  .. അപ്പൊ അതിലൂടെ ചെറിയ ബോട്ട്,,.അത് കറക്റ്റ് പൊങ്ങി വരുന്ന മൂണിന്റെ ഉള്ളിൽ സിലുട്ടെ ആവുമ്പോൾ അടുത്ത ക്ലിക്ക്,,പിന്നെ കടപുറത്തു പിള്ളേർ പട്ടം പറത്തുന്നുണ്ടാവും... അതിന്റെ സിലുട്ടെ ...ശോ...എന്നെ കൊണ്ട് വയ്യ! കുറെ കിടു ഷോട്സ് ഞാൻ മനസ്സിൽ കണ്ടു,,, 6:45... മുടിഞ്ഞ ട്രാഫിക്‌... ലേശം ഇരുട്ടി തുടങ്ങി...7:00.. ഇപ്പോഴും എങ്ങും എത്തീട്ടില്ല.. ഇനി എല്ലാരും എന്നെ പോലെ അമ്പിളി മാമനെ ഫോട്ടം പിടിക്കാൻ ഇറങ്ങിയതാണോ?..എന്റെ ഫ്രണ്ട് പറഞ്ഞ ഒരു വാചകം ഓര്മ വന്നു.,

"ബഹറിനിൽ ഇപ്പൊ ഫോട്ടോഗ്രഫെര്സിനെ മുട്ടീട്ടു നടക്കാൻ വയ്യ".

കാന്തൻ  നാവു വളച്ചു പറഞ്ഞ പോലെ തനെ കടാപുറത്തു എത്തിയപ്പോ..കൂരാ കൂരിരിട്ടു ,,,.ചന്ദ്രന് പോയിട്ട് ഒരു കുഞ്ഞു നക്ഷത്രം പോലും ആകാശത്ത് ഇല്ല,,. എഫ്  ബീല്  പോസ്ട്ടിട്ടവന്മാരു  നമ്മക്കിട്ടു പണി തന്നല്ലോ ..ഇന്ന്  അമാവാസി ആണെന്ന്   തോന്നുന്നു ..പണ്ടാരം !! മനസ്സില് ചീത്ത വിളിച്ചോണ്ട്  തിരിച്ചു നടന്നപ്പോ  ലോണ്ടെ  ലവിടെ നില്ക്കുന്നു  ചന്ദ്രന്...ഇതെന്തു മറിമായം .ഇത്രയും നാൾ വലതു വശത്ത് നിന്നിരുന്ന ചന്ദ്രന്  ദെ സൈഡ് മാറി ഇടതു വശത്ത്,,,ഇനി ഇതായിരിക്കോ ഇന്നത്തെ ചന്ദ്രന്റെ പ്രത്യേകത ? സൈസിൽ വെല്യ വ്യത്യാസം ഒന്നും കാണുന്നില്ല  ,, എന്നാലും കാന്തനെ കാണിക്കാൻ ഒരു ഫോട്ടോ പിടിചിട്ടെ ബാക്കി കാര്യം ഉള്ളു,,,സൂം ചെയ്യ്തു മാക്സിമം ആയപോ  ഉദയനാണു താരത്തിൽ മോഹൻലാൽ  'മെയ്‌കപ്പിന് ഒകെ ഒരു പരിധി ഇല്ലെ' എന്ന് ചോദിച്ച പോലെ,,,ക്യാമറ എന്നോട് 18-105 ലെന്സിനും ഒരു പരിധി ഇല്ലെടീ ??'' ..എന്ന് ചോദിച്ചതായി തോന്നി  ..

വല്ല വിധേനേം ഒരു ഫോട്ടോ എടുത്തു തിരിച്ചു ചെന്നപ്പോൾ ഫോട്ടോ കണ്ട കാന്തൻ  -
"നീ പട്ടി ചന്തക്കു പോയ കഥ കേട്ടിട്ടുണ്ടോ ??"
"ഇല്ല, പക്ഷെ മോങ്ങാൻ നിന്ന പട്ടിടെ തലയിൽ ചന്ദ്രൻ വീണത്‌ കേട്ടിടുണ്ട്."
എന്ന് പതുക്കെ പറഞ്ഞിട്ട്  ചമ്മിയ മുഖം തിരിച്ചു
"അമ്മച്ചി ..വിളിച്ചോ?".
എന്നും പറഞ്ഞു അകത്തേക്ക് സ്കൂട്ടായി  !!!
ഇന്ന്  രാവിലെ ആ കൂട്ടുക്കാരനെ വിളിച്ചു ,,,
"അല്ല.. നീയല്ലേടാ ഇന്നലത്തെ  ചന്ദ്രൻ സൂപ്പെര് മൂണാ, ആനയാ, ചേനയാ, നല്ല സൈസ് ഉണ്ടാവുമെന്ന് പറഞ്ഞെ,,,"
അപ്പൊ അവൻ പറയാ ,,
"എടീ അതിനു നമ്മടെ കൈയ്യിൽ  ആ കോപ്പ് ഇല്ലാലോ.... അതിലൂടെ നോകിയാലേ  മനസിലാവു,,,!!"
"ഏതു കോപ്പ്?.."
"ഡീ..ആ മാനം നോക്കികൾ ഉപയോഗിക്കുന്ന ആ കോപ്പ്...ടെലസ് കോപ്പ് ..!!!!"
"ഇതു ഒരു മാതിരി കോപ്പ് ഇടപാടായി പോയീട്ടാ !!!!"