Monday, 10 August 2026

 




വല്യപ്പന്റെ അമ്മൂമ്മേടെ ഗ്ലോറി ബിസിനസ്.

ഇന്നത്തെ കഥ പൈന്തീസ്  പൈന്തീസ്  സാൽ പുരാനാ ഞങ്ങടെ വകേലെ ഒരു വല്യപ്പന്റെ ആണ്. പുള്ളി പുള്ളിടെ  വീട്ടിലെ മാത്രമല്ല ആ പ്രദേശത്തെ വരെ ഔദ്യോഗിക ലക്ഷണമൊത്ത പരാജയ സ്റ്റാർട്ടപ്പ് കൺസൾട്ടന്റ് ആയിരുന്നു 

ഓരോ ദിവസവും ഓരോ പുതിയ ബിസിനസ് ഐഡിയ ആണ് പുള്ളിക്ക്.. ബിസിനസ്സ് ലോകത്തെ ഞെട്ടിക്കാൻ ഇറങ്ങിത്തിരിച്ച പുള്ളിയുടെ  മുൻകാല സംരംഭങ്ങളെല്ലാം വിജയകരമായ വൻ പരാജയങ്ങൾ ആയിരുന്നു. പുള്ളിയുടെ ബിസിനസ് മിടുക്കിനെ കുറിച്ച് വേണേൽ ഇങ്ങനെ പറയാം...കൈവെച്ചതൊക്കെ കരിയാക്കി... കരിയെ ഭസ്മമാക്കുന്ന അപൂർവ പ്രതിഭ 

പുള്ളി ആദ്യം ബ്ലേഡ് പരിപാടി തുടങ്ങി  -  പക്ഷെ പൈസ കൊടുത്തവർ തിരിച്ചു കൊടുത്തില്ല.. ഒടുവിൽ പലിശ വാങ്ങാൻ പോയ പുള്ളി തന്നെ കടം ചോദിച്ച് തിരിച്ചു വന്ന കഥയുണ്ട്. അങ്ങനെ അത് പൂട്ടി. പിന്നെ ചെയിൻ മാർക്കറ്റിംഗ്. 5000 കൊടുത്ത് രണ്ടാളെ ചേർത്താൽ 10000 രൂപയുടെ ബെഡ് മാട്രസ് ഫ്രീ. ചേർക്കുന്ന ഓരോ ആൾക്കും കമ്മിഷൻ.. വല്യപ്പൻ നാലാളെ  ചേർത്തു. വല്യപ്പന് മാട്രസ് കിട്ടി. പക്ഷേ വല്യപ്പൻ ചേർത്ത ആളുകൾ വേറെ ആരെയും ചേർത്തില്ല. അവർ വല്യപ്പനോട്  മാട്രസ് ചോദിച്ചു. അങ്ങനെ മറ്റുള്ളവരുടെ സ്വപ്നങ്ങൾക്ക് സ്പോൺസർ ആയി സ്വന്തം ഭാര്യേടെ കഴുത്തിൽ കിടന്ന മാല വിറ്റു മാട്രസ് വാങ്ങിക്കൊടുത്ത ആദ്യ എന്റർപ്രെന്യൂർ വല്യപ്പനായി. അതിനുശേഷം തുടങ്ങിയത് ബ്രാൽ (മീൻ) കൃഷി. മീനൊക്കെ പൊന്നുപോലെ വളർന്നു. വല്യപ്പൻ ലാഭം കണക്കുകൂട്ടി ഉറങ്ങാൻ പോയി. ഒരൂസം രാവിലെ എഴുന്നേറ്റപ്പോൾ മീനൊന്നും കാണാനില്ല ..രാത്രി ആരോ മീനൊക്കെ പിടിച്ചോണ്ട് പോയി.. അങ്ങനെ പല ബിസിനസ് നടത്തി  വീട് മുടിച്ച് മുടിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴാണ് പുള്ളിയുടെ ചരിത്രപരമായ പുതിയ ബിസിനസ് പ്രഖ്യാപനം. 

പുള്ളി ഒരു ദിവസം വൈകിട്ട് എല്ലാവരെയും സ്വീകരണമുറിയിലേക്ക് വിളിച്ചു, വൈദ്യുതി കണ്ടുപിടിച്ച ഫാരഡെയുടെ മുഖഭാവത്തോടെ പറഞ്ഞു ' നമ്മുടെ കുടുംബത്തിന്റെ വിധി ഇനിമുതൽ  മാറും'

ഭാര്യയും 4 മക്കളും മുഖത്തോടു മുഖം നോക്കി - . ഇത് നാലാമത്തെ തവണയാണ് കുടുംബത്തിന്റെ വിധി മാറാൻ പോകുന്നത്. വല്യപ്പൻ തുടർന്നു. "ഞാൻ സോപ്പ് ബിസിനസ് തുടങ്ങുകയാണ്. ലോകത്ത് കുളിക്കാത്ത മനുഷ്യരുണ്ടോ? അതുകൊണ്ട് ഈ ബിസിനസ് ഒരിക്കലും പൊട്ടില്ല. നമ്മുടെ സോപ്പന്റെ പേരാണ് ഗ്ലോറി സോപ്പ്  പേര് പോലെ തന്നെ തിളങ്ങുന്ന ഭാവിയാണ് നമുക്ക് മുന്നിൽ"

ഇതുപോലെ മുൻപും കുടുംബത്തിന്റെ വിധി മാറുന്ന പല ഐഡിയാസ്  കേട്ടിട്ടുള്ളത് കൊണ്ട് മറ്റേ ഇന്നോസെന്റ്ന്റെ  'കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്' മുഖഭാവം ആണ് വെല്യമ്മക്കു.

രണ്ടു ദിവസത്തിനകം ഒരു വലിയ ലോറിയിൽ വലിയ വലിയ കാർട്ടൂണുകൾ നിറയെ 'ഗ്ലോറി സോപ്പ്' ബോക്സുകൾ വീടിന്റെ നടുത്തളത്തിലേക്ക് വന്നു കയറി. വീടിന്റെ സിറ്റൗട്ട് മുതൽ ബെഡ്‌റൂം വരെ നിറയെ കാർട്ടൂണുകൾ. അതിൽ മുഴുവൻ ഗ്ലോറി സോപ്പ്. സിറ്റൗട്ട് മുതൽ അടുക്കള വരെ സോപ്പിന്റെ മണം. 

പക്ഷെ വല്യപ്പൻ വിചാരിച്ച പോലെ കുളിക്കുന്നവർ എല്ലാരും സോപ്പ് വാങ്ങിയില്ല. ആ കാലത്ത് ആളുകൾ സോപ്പ് വാങ്ങുന്ന രീതി ഇന്നത്തേത് പോലെയല്ല. ഇന്നിപ്പോ ഒരാൾക്ക് ഫേസ് വാഷ് വേറെ... ബോഡി വാഷ് വേറെ... ഷാംപൂ വേറെ... സ്ക്രബ് വേറെയല്ലെ പക്ഷെ അന്നൊക്കെ ഒരു വീട്ടിൽ പത്ത് പേരുണ്ടെങ്കിൽ ...എല്ലാര്ക്കും കൂടി ഒരേയൊരു സോപ്പ് - അത് കുളിക്കാനും തല കഴുകാനും എല്ലാം. ആ സോപ്പ് തീർന്നാലേ അടുത്ത സോപ്പ് വാങ്ങൂ.  ഇനി പുതിയത് വാങ്ങണേൽ നാട്ടുകാർക്കു  ടീവിയിൽ പരസ്യത്തിൽ കാണിക്കുന്ന ലിറിൽ അല്ലെങ്കിൽ റെക്സോണ മതി. വീടുകൾ കേറി ഇറങ്ങി സോപ്പ് വില്പന നടത്താൻ വല്യപ്പൻ സ്വന്തം മക്കളെ പറഞ്ഞു വിട്ടു നോക്കി  പക്ഷെ ടിവിയിലെ നായിക വെള്ളച്ചാട്ടത്തിൽ കുളിക്കുന്ന സോപ്പ് മതി എല്ലാര്ക്കും. ടീവി പരസ്യങ്ങളില്ലാത്ത വല്യപ്പന്റെ ഗ്ലോറി സോപ്പ് നാട്ടുകാർ ആരും തിരിഞ്ഞു നോക്കിയില്ല,,

കടകളിൽ കൊണ്ടുപോയി വിൽക്കാൻ വല്യപ്പൻ  ശ്രമിച്ചപ്പോൾ പത്രത്തിൽ പോലും പേര് വരാത്ത ഗ്ലോറി സോപ്പ് അവർക്കും വേണ്ട. കാർട്ടണുകൾ മുഴുവൻ വീട്ടിൽ കുന്നായി. ആയിരക്കണക്കിന് സോപ്പു നിറച്ച കാർട്ടണുകൾ. വല്യപ്പനും വല്യമ്മയും നാല് മക്കൾക്കും റിച് ലൈഫ് - രാവിലെ കുളിക്കാൻ ഓരോ സോപ്പ്,  വൈകിട്ട് കുളിക്കാൻ  ഓരോ  സോപ്പ് എന്നിട്ടും സോപ്പ് കുറയുന്നില്ല.

ഒടുവിൽ വല്യപ്പൻ ആ കുന്നുകൂടിയ സോപ്പു പെട്ടികൾക്കു വേറെ ഉപയോഗംങ്ങൾ കണ്ടെത്തി.  സോപ്പ് കാർട്ടൂണുകൾ ഒന്നിനു മേൽ ഒന്നായി വെച്ച് അതിൽ ബെഡ്ഷീറ്റ് വിരിച്ച് വല്യപ്പൻ സോപ്പ് സോഫ ഉണ്ടാക്കി. ഇരിപ്പ് അത്ര സുഖമില്ലായിരുന്നെങ്കിലും അതിൽ ഇരുന്നു എഴുന്നേൽക്കുമ്പോൾ മൂഡിന് നല്ല സുഗന്ധം. 

ചെയിൻ മാർക്കറ്റിംഗിൽ കിട്ടിയ മാട്രസ് മൂന്നുമാസം കൊണ്ട് നശിചായിരുന്നു - അത് മാറ്റി...സോപ്പ് പെട്ടികൾ നിരത്തി കിടക്കയാക്കി.ആഹാ അന്തസ്സ്. ആ കിടക്കയിൽ കിടന്നാൽ കൊതുക് പോലും അടുത്തുവരില്ല. സ്ടൂളായി, മേശയായി, ഇരിപ്പിടമായി അങ്ങനെ സോപ്പ് കാർട്ടനുകൾക്കു ആ വീട്ടിൽ പല ഉപയോഗമായി ..

വീട്ടിൽ ഭിക്ഷക്കാർ വന്നാൽ...കാശില്ല... പക്ഷേ കുളിച്ച് പോവാം...എന്ന് പറഞ്ഞ് കിണറ്റിൻ കരയിൽ ഗ്ലോറി സോപ്പുമായി VIP ബാത്ത് സൗകര്യം വരെ ഏർപ്പെടുത്തി - വെള്ളം കോരി കൊടുക്കുന്നത് വരെ വല്യപ്പൻ.

എന്നിട്ടും സോപ്പ് തീരുന്നില്ല.  പിന്നെ പിന്നെ അടുത്ത ബന്ധുക്കളുടെ വിവാഹം, ഗൃഹപ്രവേശം, ജന്മദിനം - വിശേഷം ഏതായാലും കലണ്ടർ മനോരമ തന്നെ എന്നു പറഞ്ഞ പോലെ സമ്മാനം 'ഗ്ലോറി സോപ്പ്' തന്നെ ആയി  

ചില  ബന്ധുക്കൾ ക്ഷണക്കത്ത് കൊടുക്കുന്നതിന് മുമ്പ് വല്യമ്മയോടു ചോദിക്കും  ..."വല്യപ്പൻ വരുമോ?" - "വരും." "എങ്കിൽ ക്ഷണികുന്നില്ല" എന്നായി . അങ്ങനെ ഗ്ലോറി സോപ്പിന്റെ പേരിൽ ബന്ധുബലങ്ങൾ പോലും എന്നേക്കുമായി വല്യപ്പന്റെ കുടുംബമായി അറ്റുപോയി. 

.കാലം കടന്നുപോയി...സോപ്പുകളുടെ മണം നഷ്ടപ്പെട്ടു. ആളൊന്നു രണ്ടു നേരം കുളിച്ചിട്ടും സോപ്പ്  തീരുന്നില്ല. അപ്പോൾ കുടുംബം ഒരു തീരുമാനമെടുത്തു. രണ്ടു നേരം പോര... ഇനി നാല് നേരം കുളിക്കാം.  

പണ്ട് മാന്തൽ വറുത്ത് ഇടതു കൈയിൽ പിടിച്ചു മണത്തു, വലതു കൈകൊണ്ടു വെറും കഞ്ഞി കുടിച്ചു ശീലിച്ച വല്യപ്പൻ ഒരു ലിറിൽ വാങ്ങി ഇടതു കൈയിൽ പിടിച്ചു വലതു കൈയിൽ മണമില്ലാത്ത സോപ്പ് വെച്ച് കുളിക്കാൻ  കുട്ടികളെ പരിശീലിപ്പിച്ചു .. ഏഴു വർഷം...അതെ... ഗ്ലോറി സോപ്പ് ഇട്ടു ആ വീട്ടുകാർ കുളി തുടങ്ങിയിട്ട് നീണ്ട ഏഴു വർഷങ്ങൾ.. വെല്യമ്മക്കും  വല്യപ്പനും വയസായി - മക്കൾ വലുതായി ..

ഇതിനിടയിൽ സോപ്പ് കാലഹരണപ്പെടുകയോ അലിഞ്ഞുപോവുകയോ ചെയ്തില്ല. ഗ്ലോറി സോപ്പ് കൊണ്ട് കുടുംബത്തിന്റെ ഭാവി തിളങ്ങിയില്ലെങ്കിലും കുടുംബത്തിലെ എല്ലാവരും തലമുടി മുതൽ കാൽവിരൽ വരെ  നാലും അഞ്ചും നേരം കുളിച്ചു തൊലിക്ക് നല്ലൊരു വെപ്രാളം പിടിച്ച തിളക്കം വന്നു.

ഏഴാമത്തെ  വർഷം, ഗ്ലോറി സോപ്പിന്റെ ഒരു പെട്ടി മാത്രമേ ഇനി ബാക്കി ഉള്ളു.  ഒരു രാത്രിയിൽ വല്യപ്പന്  ഗ്ലോറി സോപ്പിട്ടു കുളി കഴിഞ്ഞു വന്നു ചാര് കസേരയിൽ വന്നിരുന്ന് പറഞ്ഞു: 'മക്കളേ, അടുത്ത വർഷം നമുക്ക് വേറൊരു ബിസിനസ്സ് തുടങ്ങിയാലോ?

വാചകം പൂർത്തിയാക്കുന്നതിന് മുൻപ്, കൈയിൽ കിട്ടിയ ഗ്ലോറി സോപ്പെടുത്തു വല്യപ്പന്റെ മൂത്ത മോൻ അപ്പന്റെ തലയ്ക്കു ഒരൊറ്റ ഏറു  -- എന്നിട്ടൊരു ഡയലോഗ് 'കഴുവേറി മോനെ, അപ്പനാണോന്നു പോലും നോക്കില്ല മേലാൽ  'ബിസിനസ്' എന്ന വാക്ക് ഈ വീട്ടിൽ പറഞ്ഞാൽ ...തല്ലിക്കൊല്ലും എന്നിട്ടു അപ്പന്റെ അമ്മൂമ്മേടെ ഈ ഗ്ലോറി സോപ്പിട്ട് കുളിപ്പിച്ച് കിടത്തും..

ചെക്കനെ കുറ്റം പറയാൻ പറ്റുമോ - ? അങ്ങനെ, ആജീവനാന്ത പരാജയങ്ങളുടെ ആ വലിയ സംരംഭകൻ ഒടുവിൽ മൂത്ത മകന്റെ  മുന്നിൽ തോൽവി  സമ്മതിച്ചു. 

അല്ലേലും എല്ലാര്ക്കും  ബിസിനസ് ചെയ്യാനുള്ള കഴിവുണ്ടാവില്ല  - എന്നാലും പരാജയങ്ങളെ ഇത്രയും സ്ഥിരതയോടെ തുടരാനുള്ള കഴിവ് വല്യപ്പന് എങ്ങനെ കിട്ടിയോ യെന്തോ?..