എന്റെ കെട്ട്യോന്റെ കുട്ടിക്കാലത്തെ ചരിത്രപ്രസിദ്ധമായ ഒളിച്ചോട്ടം
പുള്ളി പുള്ളിടെ വീട്ടിലെ മൂത്ത സന്തതിയാണ് കേട്ടോ. അന്നത്തെ കാലത്ത് മൂത്ത സന്തതി എന്ന് പറഞ്ഞാൽ വീട്ടിലെ CCTV, താഴെയുള്ള ക്ടാങ്ങളുടെ സെക്യൂരിറ്റി, വീട്ടിലെ എല്ലാവരുടെയും ബലിമൃഗം എല്ലാം ഒരാൾ തന്നെ. അനിയത്തി എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാലും കുറ്റം പുള്ളിക്കാവും.
അവൾ ഗ്ലാസ് പൊട്ടിച്ചാൽ — “നീ എന്താടാ അവളെ നോക്കാതിരുന്നത്?”
അവൾ വീണാൽ — “നീയെന്താടാ അവളെ പിടിക്കാതിരുന്നത്?”
അവൾ ആരെയെങ്കിലും തല്ലിയാൽ — “നീയല്ലേ ഇതൊക്കെ അവളെ പഠിപ്പിച്ചത്?”
അങ്ങനെ വീട്ടിലെ സകല കുറ്റത്തിന്റെയും FIR മൂത്ത മോന്റെ പേരിലായി, അതിനുള്ള അപ്പന്റെ അടിയും, അമ്മയുടെ പിച്ചും കിട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് അമ്മച്ചി മൂന്നാമത് ഗർഭിണിയാകുന്നത്.
അതോടെ പുള്ളി തീരുമാനിച്ചു - “ഇനി ഈ വീട്ടിൽ നിന്നാൽ പിറക്കാൻ പോകുന്ന മൊതലിന്റെ വികൃതികൾക്കും ഞാൻ തന്നെ ഉത്തരം പറയേണ്ടി വരും”
സ്വന്തമായി അധ്വാനിച്ചല്ലാതെ കിട്ടുന്ന ഒരടിയും പിച്ചും ഇനി വേണ്ടെന്ന് തീരുമാനിച്ച ആ നിമിഷത്തിൽ പുള്ളി വീട്ടിൽ നിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു, സൂർത്ത്‌ക്കളേ
പക്ഷേ ഇന്നത്തെ പിള്ളേരെപ്പോലെ അന്ന് കൈയിൽ ഫോണും പവർബാങ്കും ഹെഡ്ഫോണും UPIയും ഒന്നുമില്ലല്ലോ, ഒളിച്ചോടാൻ ക്യാഷ് വേണം - അത്രമാത്രം പുള്ളിക്ക് അന്നറിയാം.
അങ്ങനെ പുള്ളി നേരെ ആളുടെ അമ്മാവന്റെ ബാറിൽ ചെന്നു. അവിടെ ചെന്ന് അമ്മാവനോട്, അമ്മ കുറച്ച് കാശ് ചോദിച്ചിട്ടുണ്ട് എന്നും പറഞ്ഞ് അമ്മയുടെ പേരിൽ ഒരു ചെറിയ സാമ്പത്തിക തട്ടിപ്പ് നടത്തി കാശും എടുത്തു. പിന്നെ ചാലക്കുടിയിൽ നിന്ന് ഒരു ബസ് പിടിച്ച് എറണാകുളത്തേക്ക്.
പുള്ളിടെ ഫൈനൽ ഡെസ്റ്റിനേഷൻ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ആയിരുന്നു. ഗൾഫ് പോലെ തിരൊന്തൂരം എത്തിപ്പെട്ടാൽ എല്ലാരും രക്ഷപ്പെടുമെന്നു പുള്ളിയോട് ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടായി
അവിടെ ചെന്നപ്പോഴാണ് അറിയുന്നത് — തിരുവനന്തപുരത്തേക്കുള്ള അവസാന ബസ് പോയി. ഇനി എന്ത് ചെയ്യും? രാത്രി... ചെറിയ ചെക്കൻ... കയ്യിൽ കുറച്ച് കാശ്... പരിചയമില്ലാത്ത സ്ഥലം...
അപ്പോഴാണ് എറണാകുളം ബസിൽ കൂടെ യാത്ര ചെയ്ത ഒരാൾ പുള്ളിയെ ശ്രദ്ധിച്ചത്. കാര്യങ്ങളൊക്കെ ചോദിച്ചപ്പോൾ നമ്മുടെ ആശാൻ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു. അന്നത്തെ കാലത്ത് വീട്ടിലേക്ക് വിളിച്ച് ചോദിക്കാൻ ഫോൺ ഒന്നുമില്ലല്ലോ.
ആ മനുഷ്യൻ പറഞ്ഞു -മോൻ ഈ രാത്രി ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട. എന്റെ വീട്ടിലേക്ക് പോരേ. രാവിലെ ഞാൻ നിന്നെ ബസ് സ്റ്റാൻഡിൽ തിരിച്ചാക്കാം.
ഇന്നത്തെ കാലമായിരുന്നെങ്കിൽ പുള്ളി രണ്ടാമതൊന്ന് ആലോചിച്ചേനെ - പക്ഷേ അന്ന് ആരെങ്കിലും വീട്ടിലേക്ക് പോരെന്ന് പറഞ്ഞാൽ കൂടെ പോയിക്കളയുന്ന കാലമല്ലേ
അങ്ങനെ പുള്ളി ആ അപരിചിതന്റെ കൂടെ വീട്ടിലേക്ക് പോയി. ഭാഗ്യത്തിന് ആ മനുഷ്യൻ നല്ലൊരാളായിരുന്നു.. ആളുടെ ഭാര്യ ഭക്ഷണം ഉണ്ടാക്കി കൊടുത്തു, കിടക്കാൻ ഒരു മുറിയും കൊടുത്തു.
ഇമ്മടെ പുള്ളി വയറുനിറച്ച് തിന്നു, സുഖമായി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ആ നല്ല മനുഷ്യൻ തന്നെ പുള്ളിയെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു.
അവിടെ നിന്ന് നമ്മുടെ കക്ഷി തിരുവനന്തപുരം ബസ് പിടിച്ചു. തിരുവനന്തപുരം എത്തിയപ്പോൾ പുള്ളി ആഗ്രഹിച്ചപോലെ ഒരു സ്വാതന്ത്ര്യസേനാനിയുടെ ജീവിതം തുടങ്ങി.
തോന്നിയിടത്തൊക്കെ അലഞ്ഞുനടക്കും. വിശന്നാൽ ഏതെങ്കിലും ഹോട്ടലിൽ കയറി വയറുനിറയെ ഫുഡടിക്കും. പറയാൻ മറന്നു — പുള്ളി പണ്ടേ തികഞ്ഞ ഒരു ഭക്ഷണപ്രേമിയാണ്‌ട്ടോ ..
വീണ്ടും തെണ്ടിനടക്കും... വിശക്കും... വീണ്ടും തിന്നും...അന്ന് രാത്രി പുള്ളി എവിടെ കിടന്നാണ് ഉറങ്ങിയതെന്ന് പുള്ളിക്ക് തന്നെ നിശ്ചയമില്ല.
പിറ്റേ ദിവസവും വീണ്ടും റിപീറ്റ് തെണ്ടിനടത്തം - വിശപ്പ് - ഫുഡടി → തെണ്ടിനടത്തം ..ഇടയ്ക്കു ഏതോ സിനിമ കാണാൻ കേറി എന്ന് പറയുന്നു..
അങ്ങനെ വീട് വിട്ടുപോന്ന മൂന്നാം ദിവസം പുള്ളി അമ്മയുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തി ഉണ്ടാക്കിയ കാശ് തീർന്നു. പുള്ളിക്ക് വിശക്കാൻ തുടങ്ങി.
വിശപ്പിന്റെ വേദനയോളം വേദന വേറെ ഒന്നിനും ഇല്ലെന്ന് പുള്ളിക്ക് തോന്നി. അപ്പോഴാണ് പുള്ളിക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് ഉണ്ടായത്.
വീട്ടിൽ അടി കിട്ടുമെങ്കിലും ഭക്ഷണം ഫ്രീയാണല്ലോ - അതും എത്ര നേരം വേണേലും, എത്ര വേണേലും കഴിക്കാം,,,
അങ്ങനെ പുള്ളി ഫ്രീ ഫുഡിനെ ഓർത്തു മാത്രം വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു, തിരിച്ചു നാട്ടിലോട്ട് ബസ് കയറി. ബസിലിരുന്ന് പുള്ളി മനസ്സിൽ കിനാവ് കണ്ടു.
വീട്ടിലെത്തുമ്പോഴുള്ള സീൻസ് - അമ്മ മോനെ ഇത്രയും ദിവസം കാണാതായിട്ട് കരഞ്ഞുതളർന്നിട്ടുണ്ടാകും...
അപ്പൻ വിഷമിച്ച് കള്ളുകുടി വരെ നിർത്തി, എന്നെ കാത്തിരിക്കുകയായിരിക്കും...അനി
ഇതിനിടയിൽ അമ്മവീട്ടിൽ നിന്ന് ചെക്കനെ കാണാതായ കാര്യം സ്വന്തം നാടായ വരാപ്പുഴയിൽ അറിഞ്ഞിരുന്നു. ആളുകൾ അന്വേഷണം ഒക്കെ തുടങ്ങിയിരുന്നു. പോലീസിലും വിവരം അറിയിച്ചിരുന്നു..
വാരാപ്പുഴയിൽ ബസിറങ്ങി പുള്ളി വീട്ടിലേക്ക് നടന്നു തുടങ്ങി,,, കാണാതായ കൊച്ചനെ കണ്ടപ്പോൾ അവിടുന്നും ഇവിടുന്നും ചില ആളുകൾ ചെക്കന്റെ പിന്നാലെ കൂടി..
വീടെത്തിയപ്പോൾ മുണ്ടു മടക്കിയുടുത്ത് അപ്പൻ വീടിന്റെ ഇറയത്ത് താടിക്ക് കൈ കൊടുത്ത് ഇരിക്കുന്നു. വീട്ടിനകത്ത് നിന്ന് പതിഞ്ഞ കരച്ചിൽ കേൾക്കാം.
അനിയത്തി കരഞ്ഞ് ചുവന്ന കണ്ണുകളോടെ ഉമ്മറത്തെ ഗ്രിലിൽ കേറി നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നു. ആഹാ - പുള്ളിക്ക് സന്തോഷമായി.
ഇങ്ങനെ വേണം ഈ കൺട്രി ഫെല്ലോസിനെ വരച്ച വരയിൽ കൊണ്ടുവരാൻ - എന്ന് സ്വയം പറഞ്ഞ് ഷോൾഡറിലൊന്ന് തട്ടി, വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി.
അടുത്ത നിമിഷം - പടാ!!! മുതുകത്തൊരടി .. ജയാ ജയാ ജയഹേയ് പറഞ്ഞപോലെ ആ അടിയുടെ ഊക്കിൽ പുള്ളി നേരെ ഡൈനിംഗ് റൂമിലെത്തി...
പുള്ളിക്ക് ഒന്നും അങ്ങട് മനസ്സിലായില്ല... തിരിഞ്ഞുനോക്
അപ്പന് പിന്നെ കയ്യിൽ കിട്ടിയത് ഡൈനിംഗ് ചെയർ...തിരുവനന്തപുരം വരെ പോയി വന്ന യാത്രക്കാരന്റെ ശരീരത്തിൽ വീണ്ടും പ്രാദേശിക ഗതാഗത സർവീസ് തുടങ്ങി.
അടി കിട്ടി അലറിക്കൊണ്ടിരിക്കുമ്പോഴാണ് അപ്പന്റെ അമ്മ ഓടിവന്ന് കൊച്ചുമോനെ രക്ഷിച്ചത്...
എടാ, നിർത്തെടാ.. ആ കൊച്ചിനെ നീ തല്ലിക്കൊല്ലുമോടാ? വെറുതെയല്ല കൊച്ചൻ നാട് വിട്ടുപോയത്... അമ്മമ്മയുടെ കൂടെ അമ്മയും കൂടി ക്ടാവിന്റെ സപ്പോർട്ടിന് വന്നു.
അതോടെ അപ്പൻ അടി നിർത്തി... പക്ഷേ അപ്പന്റെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
'ഇനി മേലാൽ ഈ വീട്ടീന്ന് ചോദിക്കാതെ പുറത്തിറങ്ങിയാൽ നിന്നെ ഞാൻ കൊന്നു ഇവിടെ കുഴിച്ചുമൂടും'
ഹൗ ബ്യൂട്ടിഫുൾ പീപ്പിൾസ് - മകനെ നഷ്ടപ്പെടാതിരിക്കാൻ മകനെ കൊന്ന് കുഴിച്ചുമൂടാൻ വരെ തയ്യാറായ അപ്പൻ.
അല്ലേലും ഭൂമർ പേരെന്റ്സ് സ്നേഹം വേറെ ലെവൽ ആണല്ലേ 
അന്യഹൗ - അതോടെ നമ്മുടെ പുള്ളിയുടെ വീടുവിട്ടുള്ള സ്വാതന്ത്ര്യസമരം അവസാനിച്ചു.
അതുകൊണ്ടെന്തുണ്ടായി?
'സഫറോം കി സിന്ദഗി കഭി ഖതം നഹി ഹോത്തി' എന്ന് പറയുന്നതുപോലെ, ഈ മനുഷ്യൻ 22 വയസ്സിൽ ജോലി കിട്ടിയ അന്നുമുതൽ തുടങ്ങിയതാണ് തെണ്ടി തിരിയൽ ..
ഒരുപാട് രാജ്യങ്ങൾ ഒറ്റയ്ക്കും കുടുംബമായും യാത്ര ചെയ്തു. ..ഇനിയും എവിടെയൊക്കെയോ പോകണമെന്നൊക്കെ പറയുന്നുണ്ട്...
ങ്ഹാ... എവിടേലും പോട്ടെ. നമ്മക്ക് പോയി വരുമ്പോ വെള്ള കുഞ്ഞി കുപ്പിയോ ചെരുപ്പോ മതി ..
No comments:
Post a Comment