Thursday, 13 August 2026

എന്റെ കെട്ട്യോന്റെ കുട്ടിക്കാലത്തെ ചരിത്രപ്രസിദ്ധമായ ഒളിച്ചോട്ടം


എന്റെ കെട്ട്യോന്റെ കുട്ടിക്കാലത്തെ ചരിത്രപ്രസിദ്ധമായ ഒളിച്ചോട്ടം 

പുള്ളി പുള്ളിടെ വീട്ടിലെ മൂത്ത സന്തതിയാണ് കേട്ടോ. അന്നത്തെ കാലത്ത് മൂത്ത സന്തതി എന്ന് പറഞ്ഞാൽ വീട്ടിലെ CCTV, താഴെയുള്ള ക്ടാങ്ങളുടെ സെക്യൂരിറ്റി, വീട്ടിലെ എല്ലാവരുടെയും ബലിമൃഗം എല്ലാം ഒരാൾ തന്നെ. അനിയത്തി എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാലും കുറ്റം പുള്ളിക്കാവും.

അവൾ ഗ്ലാസ് പൊട്ടിച്ചാൽ — “നീ എന്താടാ അവളെ നോക്കാതിരുന്നത്?”

അവൾ വീണാൽ — “നീയെന്താടാ അവളെ പിടിക്കാതിരുന്നത്?”

അവൾ ആരെയെങ്കിലും തല്ലിയാൽ — “നീയല്ലേ ഇതൊക്കെ അവളെ പഠിപ്പിച്ചത്?”

അങ്ങനെ വീട്ടിലെ സകല കുറ്റത്തിന്റെയും FIR മൂത്ത മോന്റെ പേരിലായി, അതിനുള്ള അപ്പന്റെ അടിയും, അമ്മയുടെ പിച്ചും കിട്ടിക്കൊണ്ടിരിക്കുന്ന സമയത്താണ് അമ്മച്ചി മൂന്നാമത് ഗർഭിണിയാകുന്നത്.

അതോടെ പുള്ളി തീരുമാനിച്ചു - “ഇനി ഈ വീട്ടിൽ നിന്നാൽ പിറക്കാൻ പോകുന്ന മൊതലിന്റെ വികൃതികൾക്കും ഞാൻ തന്നെ ഉത്തരം പറയേണ്ടി വരും”

സ്വന്തമായി അധ്വാനിച്ചല്ലാതെ കിട്ടുന്ന ഒരടിയും പിച്ചും ഇനി വേണ്ടെന്ന് തീരുമാനിച്ച ആ നിമിഷത്തിൽ പുള്ളി വീട്ടിൽ നിന്ന് ഒളിച്ചോടാൻ തീരുമാനിച്ചു, സൂർത്ത്‌ക്കളേ

പക്ഷേ ഇന്നത്തെ പിള്ളേരെപ്പോലെ അന്ന് കൈയിൽ ഫോണും പവർബാങ്കും ഹെഡ്ഫോണും UPIയും ഒന്നുമില്ലല്ലോ, ഒളിച്ചോടാൻ ക്യാഷ് വേണം - അത്രമാത്രം പുള്ളിക്ക് അന്നറിയാം.

അങ്ങനെ പുള്ളി നേരെ ആളുടെ അമ്മാവന്റെ ബാറിൽ ചെന്നു. അവിടെ ചെന്ന് അമ്മാവനോട്, അമ്മ കുറച്ച് കാശ് ചോദിച്ചിട്ടുണ്ട് എന്നും പറഞ്ഞ് അമ്മയുടെ പേരിൽ ഒരു ചെറിയ സാമ്പത്തിക തട്ടിപ്പ് നടത്തി കാശും എടുത്തു. പിന്നെ ചാലക്കുടിയിൽ നിന്ന് ഒരു ബസ് പിടിച്ച് എറണാകുളത്തേക്ക്.

പുള്ളിടെ ഫൈനൽ ഡെസ്റ്റിനേഷൻ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ആയിരുന്നു. ഗൾഫ് പോലെ തിരൊന്തൂരം എത്തിപ്പെട്ടാൽ എല്ലാരും രക്ഷപ്പെടുമെന്നു പുള്ളിയോട് ആരോ പറഞ്ഞു  തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടായിരുന്നു,, അങ്ങനെ രാത്രിയായപ്പോൾ എറണാകുളത്ത് എത്തി.

അവിടെ ചെന്നപ്പോഴാണ് അറിയുന്നത് — തിരുവനന്തപുരത്തേക്കുള്ള അവസാന ബസ് പോയി. ഇനി എന്ത് ചെയ്യും? രാത്രി... ചെറിയ ചെക്കൻ... കയ്യിൽ കുറച്ച് കാശ്... പരിചയമില്ലാത്ത സ്ഥലം...

അപ്പോഴാണ് എറണാകുളം ബസിൽ കൂടെ യാത്ര ചെയ്ത ഒരാൾ പുള്ളിയെ ശ്രദ്ധിച്ചത്. കാര്യങ്ങളൊക്കെ ചോദിച്ചപ്പോൾ നമ്മുടെ ആശാൻ തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു. അന്നത്തെ കാലത്ത് വീട്ടിലേക്ക് വിളിച്ച് ചോദിക്കാൻ ഫോൺ ഒന്നുമില്ലല്ലോ.

ആ മനുഷ്യൻ പറഞ്ഞു -മോൻ ഈ രാത്രി ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട. എന്റെ വീട്ടിലേക്ക് പോരേ. രാവിലെ ഞാൻ നിന്നെ ബസ് സ്റ്റാൻഡിൽ തിരിച്ചാക്കാം.

ഇന്നത്തെ കാലമായിരുന്നെങ്കിൽ പുള്ളി രണ്ടാമതൊന്ന് ആലോചിച്ചേനെ - പക്ഷേ അന്ന് ആരെങ്കിലും വീട്ടിലേക്ക് പോരെന്ന് പറഞ്ഞാൽ കൂടെ പോയിക്കളയുന്ന കാലമല്ലേ

അങ്ങനെ പുള്ളി ആ അപരിചിതന്റെ കൂടെ വീട്ടിലേക്ക് പോയി. ഭാഗ്യത്തിന് ആ മനുഷ്യൻ നല്ലൊരാളായിരുന്നു.. ആളുടെ ഭാര്യ ഭക്ഷണം ഉണ്ടാക്കി കൊടുത്തു, കിടക്കാൻ ഒരു മുറിയും കൊടുത്തു.

ഇമ്മടെ പുള്ളി വയറുനിറച്ച് തിന്നു, സുഖമായി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ആ നല്ല മനുഷ്യൻ തന്നെ പുള്ളിയെ ബസ് സ്റ്റാൻഡിൽ കൊണ്ടുവിട്ടു.

അവിടെ നിന്ന് നമ്മുടെ കക്ഷി തിരുവനന്തപുരം ബസ് പിടിച്ചു. തിരുവനന്തപുരം എത്തിയപ്പോൾ പുള്ളി ആഗ്രഹിച്ചപോലെ ഒരു സ്വാതന്ത്ര്യസേനാനിയുടെ ജീവിതം തുടങ്ങി.

തോന്നിയിടത്തൊക്കെ അലഞ്ഞുനടക്കും. വിശന്നാൽ ഏതെങ്കിലും ഹോട്ടലിൽ കയറി വയറുനിറയെ ഫുഡടിക്കും. പറയാൻ മറന്നു — പുള്ളി പണ്ടേ തികഞ്ഞ ഒരു ഭക്ഷണപ്രേമിയാണ്‌ട്ടോ ..

വീണ്ടും തെണ്ടിനടക്കും... വിശക്കും... വീണ്ടും തിന്നും...അന്ന് രാത്രി പുള്ളി എവിടെ കിടന്നാണ് ഉറങ്ങിയതെന്ന് പുള്ളിക്ക് തന്നെ നിശ്ചയമില്ല.

പിറ്റേ ദിവസവും വീണ്ടും റിപീറ്റ് തെണ്ടിനടത്തം -  വിശപ്പ് - ഫുഡടി → തെണ്ടിനടത്തം ..ഇടയ്ക്കു ഏതോ സിനിമ കാണാൻ കേറി എന്ന് പറയുന്നു.. 

അങ്ങനെ വീട് വിട്ടുപോന്ന മൂന്നാം ദിവസം പുള്ളി അമ്മയുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തി ഉണ്ടാക്കിയ കാശ് തീർന്നു. പുള്ളിക്ക് വിശക്കാൻ തുടങ്ങി.

വിശപ്പിന്റെ വേദനയോളം വേദന വേറെ ഒന്നിനും ഇല്ലെന്ന് പുള്ളിക്ക് തോന്നി. അപ്പോഴാണ് പുള്ളിക്ക് ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവ് ഉണ്ടായത്.

വീട്ടിൽ അടി കിട്ടുമെങ്കിലും ഭക്ഷണം ഫ്രീയാണല്ലോ - അതും എത്ര നേരം വേണേലും, എത്ര വേണേലും കഴിക്കാം,,, 

അങ്ങനെ പുള്ളി ഫ്രീ ഫുഡിനെ ഓർത്തു മാത്രം വീട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു, തിരിച്ചു നാട്ടിലോട്ട് ബസ് കയറി. ബസിലിരുന്ന് പുള്ളി മനസ്സിൽ കിനാവ് കണ്ടു.

വീട്ടിലെത്തുമ്പോഴുള്ള സീൻസ് - അമ്മ മോനെ ഇത്രയും ദിവസം കാണാതായിട്ട് കരഞ്ഞുതളർന്നിട്ടുണ്ടാകും...

അപ്പൻ വിഷമിച്ച് കള്ളുകുടി വരെ നിർത്തി, എന്നെ കാത്തിരിക്കുകയായിരിക്കും...അനിയത്തിക്ക് അർഹയായ അടികൾ അവൾ സ്വയം കൊള്ളുന്നുണ്ടാവും ..ഞാൻ കയറിച്ചെല്ലുമ്പോൾ അമ്മ സ്ലോ മോഷനിൽ ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കും...പുള്ളിയുടെ മനസ്സിലെ ചിന്തകൾക്കൊപ്പം പശ്ചാത്തലത്തിൽ ബസിൽ രവീന്ദ്രന്മാഷിന്റെ പാട്ടു.. പുള്ളി സീറ്റിലൊന്ന് കൂടി ഞെളിഞ്ഞിരുന്നു സുഖമുള്ള കിനാക്കൾ കണ്ട് ഉറങ്ങി .. 

ഇതിനിടയിൽ അമ്മവീട്ടിൽ നിന്ന് ചെക്കനെ കാണാതായ കാര്യം സ്വന്തം നാടായ വരാപ്പുഴയിൽ അറിഞ്ഞിരുന്നു. ആളുകൾ അന്വേഷണം ഒക്കെ തുടങ്ങിയിരുന്നു. പോലീസിലും വിവരം അറിയിച്ചിരുന്നു..

വാരാപ്പുഴയിൽ ബസിറങ്ങി പുള്ളി വീട്ടിലേക്ക് നടന്നു തുടങ്ങി,,, കാണാതായ കൊച്ചനെ കണ്ടപ്പോൾ അവിടുന്നും  ഇവിടുന്നും ചില ആളുകൾ ചെക്കന്റെ പിന്നാലെ കൂടി.. 

വീടെത്തിയപ്പോൾ മുണ്ടു മടക്കിയുടുത്ത് അപ്പൻ വീടിന്റെ ഇറയത്ത് താടിക്ക് കൈ കൊടുത്ത് ഇരിക്കുന്നു. വീട്ടിനകത്ത് നിന്ന് പതിഞ്ഞ കരച്ചിൽ കേൾക്കാം.

അനിയത്തി കരഞ്ഞ് ചുവന്ന കണ്ണുകളോടെ ഉമ്മറത്തെ ഗ്രിലിൽ കേറി നിന്ന് പുറത്തേക്ക് നോക്കി നിൽക്കുന്നു. ആഹാ - പുള്ളിക്ക് സന്തോഷമായി.

ഇങ്ങനെ വേണം ഈ കൺട്രി ഫെല്ലോസിനെ വരച്ച വരയിൽ കൊണ്ടുവരാൻ -  എന്ന് സ്വയം പറഞ്ഞ് ഷോൾഡറിലൊന്ന് തട്ടി, വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി.

അടുത്ത നിമിഷം - പടാ!!! മുതുകത്തൊരടി .. ജയാ ജയാ ജയഹേയ്‌ പറഞ്ഞപോലെ ആ അടിയുടെ ഊക്കിൽ പുള്ളി നേരെ ഡൈനിംഗ് റൂമിലെത്തി...

പുള്ളിക്ക് ഒന്നും അങ്ങട്  മനസ്സിലായില്ല... തിരിഞ്ഞുനോക്കിയപ്പോൾ കലിപൂണ്ട് നിൽക്കുന്ന അപ്പൻ.. 

അപ്പന് പിന്നെ കയ്യിൽ കിട്ടിയത് ഡൈനിംഗ് ചെയർ...തിരുവനന്തപുരം വരെ പോയി വന്ന യാത്രക്കാരന്റെ ശരീരത്തിൽ വീണ്ടും പ്രാദേശിക ഗതാഗത സർവീസ് തുടങ്ങി.

അടി കിട്ടി അലറിക്കൊണ്ടിരിക്കുമ്പോഴാണ് അപ്പന്റെ അമ്മ ഓടിവന്ന് കൊച്ചുമോനെ രക്ഷിച്ചത്...

എടാ, നിർത്തെടാ..  ആ കൊച്ചിനെ നീ തല്ലിക്കൊല്ലുമോടാ? വെറുതെയല്ല കൊച്ചൻ നാട് വിട്ടുപോയത്... അമ്മമ്മയുടെ കൂടെ അമ്മയും കൂടി ക്ടാവിന്റെ സപ്പോർട്ടിന് വന്നു.

അതോടെ അപ്പൻ അടി നിർത്തി... പക്ഷേ അപ്പന്റെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

'ഇനി മേലാൽ ഈ വീട്ടീന്ന് ചോദിക്കാതെ പുറത്തിറങ്ങിയാൽ നിന്നെ ഞാൻ കൊന്നു ഇവിടെ കുഴിച്ചുമൂടും'

ഹൗ ബ്യൂട്ടിഫുൾ പീപ്പിൾസ് - മകനെ നഷ്ടപ്പെടാതിരിക്കാൻ മകനെ കൊന്ന് കുഴിച്ചുമൂടാൻ വരെ തയ്യാറായ അപ്പൻ. 

അല്ലേലും ഭൂമർ പേരെന്റ്സ്  സ്നേഹം വേറെ ലെവൽ ആണല്ലേ 😂

അന്യഹൗ - അതോടെ നമ്മുടെ പുള്ളിയുടെ വീടുവിട്ടുള്ള സ്വാതന്ത്ര്യസമരം അവസാനിച്ചു.

അതുകൊണ്ടെന്തുണ്ടായി? 

'സഫറോം കി സിന്ദഗി കഭി ഖതം നഹി ഹോത്തി' എന്ന് പറയുന്നതുപോലെ, ഈ മനുഷ്യൻ 22 വയസ്സിൽ ജോലി കിട്ടിയ അന്നുമുതൽ തുടങ്ങിയതാണ് തെണ്ടി തിരിയൽ .. 

ഒരുപാട് രാജ്യങ്ങൾ ഒറ്റയ്ക്കും കുടുംബമായും യാത്ര ചെയ്തു. ..ഇനിയും എവിടെയൊക്കെയോ പോകണമെന്നൊക്കെ പറയുന്നുണ്ട്...

ങ്ഹാ... എവിടേലും പോട്ടെ. നമ്മക്ക് പോയി വരുമ്പോ വെള്ള കുഞ്ഞി കുപ്പിയോ ചെരുപ്പോ മതി .. 


 

വാമനപുരം ബസ്‌റൂട്ട്....


വാമനപുരം ബസ്‌റൂട്ട്.... 


രണ്ടു ദിവസമായി ഫീഡ് മുഴുവൻ പിങ്ക് നെറ്റി ഇട്ട ഒളിച്ചോട്ടമാണ് ചർച്ച.🤪

പലരുടെയും സംശയം ഒരു ബസ് ഡ്രൈവർ ആയിട്ട് എങ്ങനെയാണ് പെണ്ണ് ലൈൻ ആയത് എന്നതാണ്...😁 ഇന്നത്തെ കാലത്ത് ലൈൻ അടിക്കാൻ ആണോ ഇത്ര പാട്? ഒരു WhatsApp നമ്പർ അല്ലെങ്കിൽ Insta ID കിട്ടിയാൽ കാര്യങ്ങൾ എളുപ്പമല്ലേ... ചാറ്റിംഗ്, മീറ്റിംഗ്, പിന്നെ ബാക്കി കാര്യങ്ങളൊക്കെ എളുപ്പം സെറ്റ് ആക്കാമല്ലോ. 😌

എന്നാൽ ഞാനൊരു കാര്യം പറയട്ടെ...ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് ഞങ്ങളെ ഞെട്ടിച്ച ഒരു ന്യൂസ് ഉണ്ടായിരുന്നു.😁 Humanities പഠിക്കുന്ന ഒരു കൊച്ചു ഒരു ബസ് ഡ്രൈവറോടൊപ്പം ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചു🫣 അന്ന് ഈ WhatsApp, Insta, fb ഒന്നുമില്ലാത്ത കാലം. അന്നും ചർച്ചകൾ നടന്നു -- ചോദിച്ചും പറഞ്ഞും വന്നപ്പോ കോളേജിലെ day സ്കോളേഴ്സ് ആയിരുന്ന മിക്ക പെൺകുട്ടികളുടെയും ലൈൻ ബസ് ഡ്രൈവർമാരോ, കിളികളോ, ഓട്ടോ ഡ്രൈവർമാരോ ആയിരുന്നു...🤪🤪എങ്ങനെ? എന്തുകൊണ്ട്? എന്നൊന്നും ചോദിക്കരുത്. അന്നത്തെ കാലത്ത് പ്രണയം Bluetooth ആയിരുന്നു..🫣

എനിക്കാണേൽ എന്തെങ്കിലും ഒരു കാര്യം കേട്ടാൽ അതിന്റെ സത്യാവസ്ഥ അറിയാതെ ഒരു സമാധാനവുമില്ല🤪🤪
കിളിയുമായി ലൈൻ ആവുന്നത് എനിക്ക് ഊഹിക്കാം. ഈസി ആണല്ലോ.🤭 ബസ് ഓടുമ്പോഴും ടിക്കറ്റ് കൊടുക്കാനെന്ന പേരിൽ സംസാരിക്കാം... എവിടെയാ ഇറങ്ങേണ്ടത്? എന്ന ചോദ്യത്തിൽ തുടങ്ങി മിണ്ടാലോ😁..പിന്നെ ടിക്കറ്റ്, പൈസ വാങ്ങുമ്പോഴും കൊടുക്കുമ്പോഴും വിരലുകൾ തമ്മിൽ earth കൊടുക്കാം,,😁 പ്രണയലേഖനങ്ങൾ കൈമാറാം... ആഹാ. 🥰അങ്ങനെ അങ്ങനെ line സെറ്റാക്കാൻ എത്ര വഴികൾ 😁

പക്ഷേ ഡ്രൈവർമാർക്ക് അതിനൊന്നും പറ്റില്ലല്ലോ.🫣 മുഴുവൻന്നേരം റോഡിലേക്ക് തന്നെ നോക്കി ഇരിക്കണ്ടേ.. ഒന്ന് മിണ്ടാൻ പറ്റുമോ 😁
പിന്നെ ഈ ഡ്രൈവറായിട്ട് എങ്ങനെ ലൈൻ സെറ്റ് ആവും എന്നോർത്ത് ഞാൻ തല പുണ്ണാക്കിയിട്ടുണ്ട്.🫣🫣

പക്ഷേ ഒരിക്കൽ നിങ്ങൾ ഒരു ബസ്സിൽ കയറി ഡ്രൈവറെ ഒന്ന് ശ്രദ്ധിച്ചാൽ ഈ ജാതി സംശയങ്ങളൊക്കെ പമ്പ കടക്കും🥰
ഇവന്മാരുടെ ഡ്രൈവിംഗ് കണ്ടാൽ മനസ്സിലാകും...ഇവന്മാർ പെണ്ണുങ്ങളെ വായ കൊണ്ടല്ല... സ്റ്റിയറിങ് കൊണ്ടാണ് വളയ്ക്കുന്നത് 😂🤪

കൈ സ്റ്റിയറിങ്ങിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ, രണ്ട് വിരലിന്റെ ഇടയിൽ സ്റ്റിയറിങ് ഇങ്ങനെ കറക്കി പിടിച്ച് വളയം തിരിക്കുന്നതു കാണാൻ തന്നെ എന്തായൊരു ഇത് 😁 ആ സ്കിൽ കണ്ടാൽ ഏതൊരു പെണ്ണിന്റെ മനസ്സിലും കിളികൾ പറന്നുതുടങ്ങും.🤪🤪 ഹൈഷ് ... ഈ എട്ടായിടെ കൈക്കു എന്ത് പവറാ എന്ന് മനസ്സിൽ തോന്നിയാൽ പോരെ😂

പിന്നെ കഷ്ടിച്ച് ഒരു ഓട്ടോയ്ക്ക് പോകാനുള്ള ചെറിയൊരു ഗ്യാപ്പ് റോഡിൽ കണ്ടാൽ മതി 😁 ഇവന്മാർ ശൂൂൂന്ന്... ബസ് അതിന്റെ ഇടയിലൂടെ അങ്ങോട്ട് കയറ്റും.🫣 നമ്മൾ ബസ്സിനുള്ളിൽ ഇരുന്ന് നെഞ്ചിൽ കൈവെച്ച്, വീട്ടിൽ എത്തുന്നതുവരെ എങ്കിലും ജീവൻ നിലനിർത്തണേന്ന് പ്രാർത്ഥിക്കുമ്പോൾ ഡ്രൈവറുടെ മുഖത്ത് ഒരു കളിയാക്കി ചിരിയുണ്ടാകും - ഏതാണ്ട് നമ്മളെ പേടിപ്പിക്കാൻ performance കാണിച്ച പോലെ 😂

ഇനി ഇരിക്കുന്നത്  ഡ്രൈവർ സീറ്റിന്റെ പുറകിലാണെങ്കിൽ പിന്നെ പറയണ്ട...🤣 ഇടയ്ക്കിടെ മിററിലൂടെ നമ്മളെ നോക്കും.🫣🫣രണ്ടു വട്ടം ഒരു ബസ്സിൽ കയറിയാൽ മതി...നമ്മുടെ സ്റ്റോപ്പ് എത്തുന്നതിന് മുൻപേ തന്നെ ബസ് സ്ലോ ആവും, നിർത്തുന്നതിനു മുന്നേ മിററിലൂടെ അഞ്ചു പ്രാവശ്യം നോക്കിയിട്ടുണ്ടാവും.🤪 അതായത് നമ്മുടെ സ്റ്റോപ്പ് മാത്രമല്ല.. നമ്മളെയും മനസ്സിലായിട്ടുണ്ടെന്നു കാണിക്കാൻ.. 🤪🤪
പിന്നെ വളവിലൊക്കെ ബസ് ഒന്ന് ചെരിച്ച് എടുക്കുന്ന സ്റ്റൈൽ - സ്റ്റിയറിങ് ചെറു വിരലുകൊണ്ട് തിരിക്കുന്നതും .., വെറുതെ പിടിച്ചു വലിച്ചു ഗിയർ മാറ്റുന്നതും ... ഇതൊക്കെ വിസ്മയത്തോടെ നോക്കി നിൽക്കുന്ന കാന്താരി കുട്ടികളെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.. 🫣🫣

പാട്ടുപെട്ടിയുള്ള ബസ് ആണെങ്കിൽ ഓരോ പാട്ടു വെക്കുമ്പോൾ മിർറർലൂടെ ഈ പഹയന്മാർ നമ്മുടെ മുഖത്തെ എക്സ്പ്രഷൻ കറക്റ്റ് നോട്ട് ചെയ്യും.. 😁 അങ്ങനെ നമ്മൾക്ക് ഏത് പാട്ടാണ് ഇഷ്ടമെന്ന് അവർ കണ്ടുപിടിക്കും.. 🤣🤣 എന്നിട്ടോ? അടുത്ത ദിവസം നമ്മൾ ബസിൽ കേറുമ്പോൾ, അത് വരെ പ്ലേ ചെയ്തുകൊണ്ടിരുന്ന പാട്ട് പെട്ടെന്ന് നിർത്തി നമ്മൾക്ക് ഇഷ്ടപ്പെട്ട ആ പാട്ട് അങ്ങ് ഇടും🫣🫣
ആദ്യത്തെ വട്ടം - ഹായ്, നമ്മൾക്ക് ഇഷ്ടപ്പെട്ട പാട്ട് ❤️ What a coincidence എന്ന് നമ്മൾ വലിയ കാര്യത്തിൽ കരുതും...പക്ഷെ പിന്നെ പിന്നെ എന്നും നമ്മൾ കേറുമ്പോൾ കറക്റ്റ് ആ പാട്ട് തന്നെ വരുമ്പോഴോ? 🤪🤪🤪 എന്നും ചോറ് കഴിക്കുന്നവർക്ക് മനസിലാകും ഈ ഗൊച്ചു ഗള്ളൻ നമ്മളെ ട്യൂൺ ചെയ്യാണെന്നു 🤣
ആ ഒരു ഫീലിംഗ് ഉണ്ടല്ലോ, അതൊരു പ്രത്യേക ഇതാണ്‌ 🫣 വരികൾക്കൊപ്പം മിററിൽ ഒരോ നോട്ടം... ചിലപ്പോൾ കണ്ണിറുക്കി കാണിക്കും ...സത്യം പറഞ്ഞാൽ ചിരിക്കേണ്ട എന്ന് വിചാരിച്ചാൽ പോലും ചിരി വരും.. 😆😆  
ഇനി വേറൊന്നും കിട്ടിയില്ലെങ്കിൽ ഒരൊറ്റ പാട്ടുമതി - 'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...' ആ പാട്ട് പെൺപിള്ളേരുടെ ഇടയിൽ എപ്പോഴും പക്കാ ഹിറ്റാണു...🤪🤪

പിന്നെ, കുറച്ചുകൂടി guts ഉള്ള പെൺപിള്ളേരാണെങ്കിൽ ഇഷ്ടപെട്ട പാട്ട് ഒരു തുണ്ടു പേപ്പറിൽ എഴുതി ഡ്രൈവർക്ക് കൊടുക്കും...😁 ചിലപ്പോ ഈ പഹയന്മാർ ജീരകമിട്ടായി പാക്കറ്റ് വാങ്ങി വെക്കും എന്നിട്ടും സ്ഥിരം കുറ്റികൾക്ക് സോറി കുട്ടികൾക്ക് തിരിച്ചും കൊടുക്കും 😁😁 ഈ ലീല വിലാസങ്ങളൊക്കെ കണ്ടു മുഖം ചുളികുന്ന ആന്റിമാരും ബസിൽ ഉണ്ടായിരുന്നുട്ടാ 😁

പിന്നെ ബ്രേക്കിങ്ങാണ് വേറെ ലെവൽ...🤪 പ്രതീക്ഷിക്കാത്ത സമയത്ത് ഒറ്റയടിക്ക് ബ്രേക്ക് ഡ്രൈവർ സൈഡിലെ സീറ്റിൽ ഇരിക്കുന്ന പെണ്ണുങ്ങൾ എല്ലാം മുന്നോട്ട് ആഞ്ഞുവീഴും.🫣
അടുത്തിരിക്കുന്ന കൂട്ടുകാരികളുടെ മേത്തേക്ക് വീഴുമ്പോൾ എല്ലാരും ചിരിക്കും. അപ്പൊ ഡ്രൈവറും ചിരിക്കും. എന്നിട്ട് 'ഒക്കെയല്ലേ?' എന്നൊരു ചോദ്യത്തോടെ പുരികം കൊണ്ടൊരു കണ്ണോട്ടം.🫣🫣

ആഹാ...വായ കൊണ്ട് ഒരു വാക്കും പറഞ്ഞില്ലെങ്കിലും നോട്ടം കൊണ്ട് ഈ പഹയന്മാർ മുഴുവൻ ഡയലോഗും പറഞ്ഞിരിക്കും.😆😆
കാന്താരിമോളൂസുകൾ ... ഫ്ലാറ്റ് 😂  ഹോ, അങ്ങനെ എത്രപേരെയാണ് ഒരേസമയം ഈ പഹയന്മാർ ട്യൂൺ ചെയ്ത് കൈയ്യിലെടുത്തിരുന്നത് എന്ന് വല്ല പിടിയുമുണ്ടോ?🫣🫣

വേറൊരു കൂട്ടരുണ്ട്... പൂക്കളുള്ള ബെഡ്ഷീറ്റ് ഒക്കെ കയ്യിൽ കരുതും. എന്നിട്ടു ഭയങ്കര തിരക്കാകുമ്പോൾ പെൺകുട്ടികൾ ബസ്സിന്റെ ഫ്രണ്ടിൽ നിന്ന് തിരിയാൻ ഗാപ് ഇല്ലാതെ നിൽകുമ്പോൾ ഇവര് engine-നും gearbox-നും മുകളിൽ ബെഡ്ഷീറ്റ് വിരിച്ചിട്ട്, ' ഇരുന്നോളൂ.. എന്ന് ആക്ഷൻ കാണിക്കും.🥰
ഇത്രയും കെയറേട്ടൺ മുന്നിൽ ഉള്ളപ്പോൾ ഏതു കണ്ണാപ്പിയും ഫ്ലാറ്റ് ആയില്ലെങ്കിൽ അത്ഭുതമേ ഉള്ളൂ...😁😁 

അപ്പൊ എന്റെ 90s-ലെ research findings - ബസ് ഡ്രൈവർമാർ  പെണ്ണുങ്ങളെ എങ്ങനെയാ വളയ്ക്കുന്നേ? 🤣
രണ്ട് വിരലിൽ സ്റ്റിയറിങ് കറക്കി, സൂചി ഗ്യാപ്പിലൂടെ ബസ് പറത്തി, മിററിലൂടെ രണ്ട് നോട്ടം നോക്കി, പാട്ടിനൊപ്പം ഒന്ന് കണ്ണിറുക്കി, സ്റ്റോപ്പിന് മുന്നിൽ ബസ് നിർത്തി, ഒടുവിൽ ഒരു ബ്രേക്കിൽ പെണ്ണിനെ ചിരിപ്പിച്ചാൽ...🫣

ഡ്രൈവർമാർ വളക്കുന്നതല്ല... പെണ്ണുങ്ങൾ സ്വയം വളയുന്നതാണ് 😂😂

നിഷ്‌കളങ്കമായ, ആർക്കും ഒരു ദ്രോഹവുമില്ലാത്ത ആ കാലത്തെ വായ്നോട്ടവും പ്രണയവുമൊക്കെ ഇപ്പോഴത്തെ ന്യൂജൻ പിള്ളേർക്ക് മനസ്സിലാവുമോ ആവോ 🤪🤪 Genz ക്ക് യോഗ്യല്ല അമ്മിണിയെ 😁😁

എന്നിട്ടു ഞാനെന്താ വളയാഞ്ഞേ എന്ന് ചോദിച്ചാൽ നമ്മക്ക് വളക്കാൻ അല്ലെ അറിയൂ.. വളയാൻ അറിയില്ലലോ 😁😁🏃🏻‍♀️🏃🏻‍♀️